അടുത്ത സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ 6.3 ശതമാനം മുതൽ 6.8 ശതമാനം വരെ വളർച്ച കൈവരിക്കുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. നടപ്പ് സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ 6.4 ശതമാനം വളരും. ഇന്ന് പാർലമെൻ്റിൽ അവതരിപ്പിച്ച സാമ്പത്തിക സർവേ 2024-25 റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള (2025-26) കേന്ദ്ര ബജറ്റ് നാളെ സംയുക്ത പാർലമെൻ്റിൽ ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കും. ബജറ്റ് അവതരണത്തിനായി സഭ പിരിഞ്ഞു.
രാജ്യത്തെ ശക്തമായ ആഭ്യന്തര സാമ്പത്തിക അടിത്തറയും കുറയുന്ന തൊഴിലില്ലായ്മ നിരക്കും പണപ്പെരുപ്പ തോതിൻ്റെ സ്ഥിരതയും സാമ്പത്തിക വളർച്ചാ നിരക്കും ഇന്ത്യയുടെ കരുത്തായി അവതരിപ്പിച്ച റിപ്പോർട്ടിൽ വികസിത ഇന്ത്യക്കായി കൂടുതൽ പരിഷ്കാരങ്ങൾ ആവശ്യമാണെന്നും വ്യക്തമാക്കുന്നുണ്ട്. പാപ്പരത്ത നിയമം ലഘൂകരിക്കേണ്ടതിൻ്റെ ആവശ്യകതയും ബോണ്ട് വിപണിയിൽ വരുത്തേണ്ട മാറ്റങ്ങളും ആഗോള സ്ഥിതി പരിഗണിച്ച് ഇന്ത്യൻ വിപണിയിൽ കൊണ്ടുവരേണ്ട പരിഷ്കാരങ്ങൾക്കും സാമ്പത്തിക സർവേ റിപ്പോർട്ടിൽ ഊന്നൽ കൊടുക്കുന്നുണ്ട്.