കൽപറ്റ: പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ സിദ്ധാർഥന്റെ മരണത്തിൽ സി.ബി.ഐ എഫ്.ഐ.ആർ സമർപ്പിച്ചു. കേസിൽ പ്രതികളുടെ എണ്ണം കൂടിയേക്കുമെന്ന് സൂചന. ഡൽഹി എസ്.ഇ 2 പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഇന്നലെയാണ് സി.ബി.ഐ സംഘം സർവകലാശാലയിൽ തെളിവെടുപ്പ് നടത്തിയത്. സിദ്ധാർഥനെ വിചാരണ ചെയ്ത മുറികളും മരിച്ച നിലയിൽ കണ്ടെത്തിയ കുളിമുറിയും പരിശോധിച്ചു. കേസിൽ നിലവിലെ 20 പ്രതികൾക്കു പുറമെ കൂടുതൽ പ്രതികളുണ്ടായേക്കുമെന്ന സൂചനയാണ് സി.ബി.ഐ നൽകുന്നത്. ഇതുവരെ പുറത്തുവന്നതിനു പുറമെ കൂടുതൽ കാര്യങ്ങൾ തങ്ങൾക്കു ലഭിച്ചിട്ടുണ്ടെന്നാണ് സി.ബി.ഐ വൃത്തങ്ങൾ നൽകുന്ന സൂചന.
സി.ബി.ഐ ഇൻസ്‌പെക്ടർ സത്യപാൽ യാദവ് ആണ് അന്വേഷണ സംഘം തലവൻ. സി.ബി.ഐ എസ്.പി അരവിന്ദ്കുമാർ ഉപാധ്യായയ്ക്കാണു മേൽനോട്ട ചുമതല. നാളെ സിദ്ധാർഥന്റെ അച്ഛൻ ജയപ്രകാശനോട് വയനാട്ടിൽ എത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇദ്ദേഹത്തിൽനിന്ന് സി.ബി.ഐ സംഘം മൊഴിരേഖപ്പെടുത്തും.