
ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റില്‍ കേരളത്തെ അവഗണിച്ചെന്ന ആരോപണങ്ങള്‍ക്ക് മുമ്പില്‍ വിചിത്ര വാദം മുന്നോട്ടുവെച്ച് കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍. കേരളം പിന്നാക്കമാണെന്ന് പ്രഖ്യാപിച്ചാല്‍ അപ്പോള്‍ സഹായം കിട്ടുമെന്നാണ് ജോര്‍ജ് കുര്യന്റെ പ്രസ്താവന.
പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനങ്ങള്‍ക്കാണ് സഹായം കൊടുക്കുന്നത്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച്, വിദ്യാഭ്യാസ, സാമൂഹിക, അടിസ്ഥാന സൗകര്യങ്ങളില്‍ പിന്നോക്കമാണ് കേരളമെന്ന് പറയണം. അങ്ങനെയാണെങ്കില്‍ കമ്മീഷന്‍ പരിശോധിച്ച് കേന്ദ്ര സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുമെന്നും കേരളത്തില്‍ നിന്നുള്ള കേന്ദ്ര സഹമന്ത്രി പറഞ്ഞു.
‘പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനങ്ങള്‍ക്കാണ് കൊടുക്കുന്നത്. കേരളം പിന്നാക്കമാണെന്ന് പ്രഖ്യാപിക്കൂ. അപ്പോള്‍ കിട്ടും. ഞങ്ങള്‍ക്ക് റോഡില്ല, ഞങ്ങള്‍ക്ക് വിദ്യാഭ്യാസമില്ല, ഞങ്ങള്‍ക്ക് അങ്ങനെയുള്ള കാര്യമില്ല എന്ന് കേരളം പ്രഖ്യാപിച്ചാല്‍, മറ്റ് സംസ്ഥാനങ്ങളെക്കാള്‍ വിദ്യാഭ്യാസപരമായി പിന്നാക്കമാണ്, സാമൂഹികപരമായി പിന്നാക്കമാണ്, അടിസ്ഥാന സൗകര്യത്തിന്റെ കാര്യത്തില്‍ പിന്നാക്കമാണ് എന്ന് പറഞ്ഞാല്‍ അത് കമ്മീഷന്‍ പരിശോധിക്കും. പരിശോധിച്ചുകഴിഞ്ഞാല്‍ ഗവണ്‍മെന്റിന് റിപ്പോര്‍ട്ട് കൊടുക്കാം. അങ്ങനെയാണ് തീരുമാനിക്കുക. അല്ലാതെ ഗവണ്‍മെന്റ് അല്ലല്ലോ.’, എന്നാണ് ജോര്‍ജ് കുര്യന്‍ പറഞ്ഞത്.
കേന്ദ്ര പൊതുബജറ്റ് അവഗണനയുടെ രാഷ്ട്രീയ രേഖയായി മാറിയെന്നും ഇത് അങ്ങേയറ്റം നിരാശാജനകവും ദൗര്‍ഭാഗ്യകരവുമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. പണപ്പെരുപ്പവും തൊഴിലില്ലായ്മയും ദാരിദ്ര്യവും വര്‍ദ്ധിപ്പിക്കുന്നതും വികസനത്തെ മുരടിപ്പിക്കുന്നതും സംസ്ഥാന താത്പര്യങ്ങളെ നിഷേധിക്കുന്നതിലൂടെ ഭരണഘടനയുടെ ഫെഡറല്‍ സ്വഭാവത്തെ ലംഘിക്കുന്നതുമാണ് കേന്ദ്ര ബജറ്റിലെ സമീപനമെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.