Sunday, March 9, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഒന്നാം വാർഷികാഘോഷ നിറവിൽ അബുദാബിയിലെ ശിലാക്ഷേത്രം; സമൂഹോത്സവം 16ന്

ഒന്നാം വാർഷികാഘോഷ നിറവിൽ അബുദാബിയിലെ ശിലാക്ഷേത്രം; സമൂഹോത്സവം 16ന്

അബുദാബി : അബുമുറൈഖയിൽ നിർമിച്ച മധ്യപൂർവദേശത്തെ ഏറ്റവും വലിയ ശിലാക്ഷേത്രമായ ബിഎപിഎസ് ഹിന്ദു മന്ദിർ ഒന്നാം വാർഷികാഘോഷ നിറവിൽ. അക്ഷർധാം മാതൃകയിലുള്ള ക്ഷേത്രം 2024 ഫെബ്രുവരി 14നാണ് ഉദ്ഘാടനം ചെയ്തതെങ്കിലും ഈ വർഷത്തെ ഹിന്ദു കലണ്ടർ പ്രകാരം വസന്ത പഞ്ചമി ദിനമായ ഇന്നാണ് വാർഷികം.

ഇന്നു സ്വകാര്യ പൂജയും സാംസ്കാരിക പരിപാടികളും നടക്കുമെങ്കിലും ഔപചാരിക ആഘോഷം 16ന് ആയിരിക്കുമെന്ന് അധികൃതർ അറിയിച്ചു. ഫെബ്രുവരി 14 പ്രവൃത്തി ദിനമായതിനാൽ ജനങ്ങളുടെ സൗകര്യാർഥമാണ് ആഘോഷം 16ലേക്ക് മാറ്റിയത്.

പാട്ടോത്സവ് എന്ന പേരിൽ ഇന്നു നടക്കുന്ന പൂജകൾക്ക് ക്ഷണിക്കപ്പെട്ട നൂറോളം പേർക്കു മാത്രമാണ് പ്രവേശനം. കഴിഞ്ഞ ഒരു വർഷം ക്ഷേത്രത്തിന്റെ നടത്തിപ്പുമായി സഹകരിച്ച വിവിധ മേഖലകളിൽനിന്നുള്ളവരെയാണ് പാട്ടോത്സവിന് ക്ഷണിച്ചിരിക്കുന്നത്. എന്നാൽ ക്ഷേത്രദർശനവും സന്ദർശനവും പതിവുപോലെ രാവിലെ 9 മുതൽ വൈകിട്ട് 8 വരെ തുടരും.

2025നെ ഫെസ്റ്റിവൽ ഓഫ് കമ്യൂണിറ്റി വർഷമായി യുഎഇ പ്രഖ്യാപിച്ചതിനാൽ 16ന് നടക്കുന്ന ക്ഷേത്രത്തിന്റെ ഒന്നാം വാർഷിക ആഘോഷ പരിപാടി ഫെസ്റ്റിവൽ ഓഫ് കമ്യൂണിറ്റി ആയി ആചരിക്കും. വൈകിട്ട് 5 മുതൽ രാത്രി 7 വരെ നടക്കുന്ന പരിപാടിയിൽ സർക്കാർ പ്രതിനിധികളും മത, സാമൂഹിക, സാംസ്കാരിക, വ്യാവസായിക മേഖലകളിൽനിന്നുള്ളവരും ഉൾപ്പെടെ 1500 പേരെയാണ് പ്രതീക്ഷിക്കുന്നത്. പരിപാടിയിലേക്ക് ജാതിമത ഭേദമന്യേ ഏവർക്കും പ്രവേശനമുണ്ട്. താൽപര്യമുള്ളവർ ക്ഷേത്രത്തിന്റെ വെബ്സൈറ്റിൽ മുൻകൂട്ടി റജിസ്റ്റർ ചെയ്യണം.

ഇന്ന് രാവിലെ 5.30 മുതൽ പൂജകൾ
രാവിലെ 5.30ന് ആരംഭിച്ച് 2 മണിക്കൂർ നീളുന്ന പൂജകൾ ക്ഷേത്ര മേധാവി ബ്രഹ്മവിഹാരിദാസ് സ്വാമിയുടെ മേൽനോട്ടത്തിൽ നടക്കും. വൈകിട്ട് 5 മുതൽ 8 വരെ വിവിധ സാംസ്കാരിക പരിപാടികളും പ്രത്യേക പ്രാർഥനകളും. ഭക്തിഗാനങ്ങൾ, സ്തുതിഗീതങ്ങൾ, ക്ലാസിക്കൽ നൃത്തം തുടങ്ങി വിവിധ പരിപാടികളും അരങ്ങേറും.

സ്വാമിനാരായൺ സൻസ്തയുടെ ആത്മീയ ഗുരു മഹന്ത് സ്വാമി മഹാരാജയും പ്രധാനമന്ത്രി നരേന്ദ്രമോദിയും ചേർന്നാണ് 2024 ഫെബ്രുവരി 14ന് ക്ഷേത്രം പൊതുജനങ്ങൾക്ക് തുറന്നു കൊടുത്തിരുന്നത്. സൗഹാർദത്തിന്റെ ഉത്സവമായിട്ടായിരുന്നു അന്നത്തെ ഉദ്ഘാടന പരിപാടികൾ.


അറേബ്യൻ മണ്ണിൽ സാഹോദര്യത്തിന്റെ പ്രതീകമായി അറിയപ്പെടുന്ന ക്ഷേത്രത്തിലേക്ക് പ്രാർഥനയ്ക്കും സന്ദർശനത്തിനുമായി ദിവസേന ആയിരക്കണക്കിന് ആളുകളാണ് എത്തുന്നത്. പുരാണ കഥകളുടെയും അറബ് രാജ്യങ്ങളുടെ പൈതൃകങ്ങളുടെയും ശിൽപാവിഷ്കാരമാണ് മുഖ്യ ആകർഷണം. 12,550 ടൺ റെഡ് സ്റ്റോണും 5000 ടൺ ഇറ്റാലിയൻ മാർബിളും ഉപയോഗിച്ച് രാജസ്ഥാൻ, ഗുജറാത്ത് സംസ്ഥാനങ്ങളിൽനിന്നുള്ള 2000 ശിൽപികൾ കൊത്തിയെടുത്ത് ശിലകൾ കൂട്ടിച്ചേർത്തു നിർമിച്ച ക്ഷേത്രത്തിന്റെ മനോഹാരിത ആസ്വദിക്കാൻ ഒന്നിലേറെ തവണ എത്തിയവരും ധാരാളം.  ഹിന്ദുക്കളുടെ ആരാധനാലയം എന്നതിലുപരി, വ്യത്യസ്ത വിശ്വാസങ്ങൾ, മതങ്ങൾ, സംസ്കാരങ്ങൾ എന്നിവയുടെ മൂല്യങ്ങളെക്കുറിച്ച് പഠിക്കുന്നതിനുള്ള ഒരു ഇടമായാണ് ക്ഷേത്രത്തെ കണ്ടുവരുന്നത്. അബുദാബി സർക്കാർ സൗജന്യമായി നൽകിയ 27 ഏക്കറിലാണ് ശിലാക്ഷേത്രം പണിതത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com