
റിയാദ്: റിയാദിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ മോചനം വൈകും. ഇന്ന് റിയാദ് ക്രിമിനൽ കോടതിയിൽ രാവിലെ വാദം തുടങ്ങിയെങ്കിലും കേസ് വീണ്ടും മാറ്റിവയ്ക്കുകയായിരുന്നു. ഇത് ഏഴാം തവണയാണ് വിധി പറയുന്നത് മാറ്റി വയ്ക്കുന്നത്.
നേരത്തെയുള്ള സിറ്റിങ്ങുകളിൽ എല്ലാം പല കാരണങ്ങളാൽ വിധി പറയുന്നത് നീട്ടി വയ്ക്കുകയായിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് തടവ് അടക്കമുള്ള ശിക്ഷകളിൽ ഇനി കോടതി തീരുമാനം വന്നാൽ മാത്രമേ മോചനം സാധ്യമാകൂ.
സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ പതിനെട്ടു വർഷമായി വധശിക്ഷ കാത്ത് ജയിലിൽ കഴിയുന്ന അബ്‌ദുൽ റഹീമിന്റെ കേസ് കഴിഞ്ഞ ജൂലൈ രണ്ടിന് കോടതി റദ്ദാക്കിയെങ്കിലും ജയിൽ മോചന ഉത്തരവ് ഉണ്ടായിട്ടില്ല. പബ്ലിക് ഓഫൻസുമായി ബന്ധപ്പെട്ട കേസ് തീർപ്പാകാത്തതാണ് ഇതിന് കാരണം എന്നാണ് റിപ്പോർട്ട്.