ന്യൂഡല്‍ഹി: വയനാടിനെ കൂടാതെ ഉത്തര്‍പ്രദേശിലെ അമേഠിയിലും മത്സരിക്കാന്‍ തയ്യാറാണെന്ന് രാഹുല്‍ ഗാന്ധി പാര്‍ട്ടിയെ അറിയിച്ചതായി റിപ്പോര്‍ട്ട്. ഇന്‍ഡ്യ ടുഡേയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. 2004 മുതല്‍ 2019 വരെ അമേഠിയില്‍ നിന്ന് രാഹുല്‍ ഗാന്ധി വിജയിച്ചിരുന്നു. 2019ല്‍ കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയോട് പരാജയപ്പെടുകയായിരുന്നു. 55,000 വോട്ടുകള്‍ക്കായിരുന്നു രാഹുലിന്റെ പരാജയം.
എണ്‍പത് ലോകസഭാ സീറ്റുള്ള ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന് വലിയ നിലയില്‍ സ്വാധീന ശേഷിയുള്ള രണ്ടേ രണ്ടു മണ്ഡലങ്ങളാണ് അമേഠിയും റായ്‌ബെറേലിയും. പരമ്പരാഗതമായി ഗാന്ധി കുടുംബത്തിലുള്ളവരെ വിജയിപ്പിക്കുന്ന മണ്ഡലമായിരുന്നു രണ്ടും. പക്ഷെ 2019 ല്‍ അമേഠിയില്‍ രാഹുല്‍ ഗാന്ധിക്ക് സ്മൃതി ഇറാനിയോട് അപ്രതീക്ഷിതമായി പരാജയപ്പെടുകയായിരുന്നു. അര ലക്ഷം വോട്ടിനാണ് രാഹുല്‍ ഗാന്ധി പരാജയപെട്ടത്. ശക്തമായ മോഡി തരംഗത്തിലും പക്ഷെ സോണിയ ഗാന്ധി റായ്‌ബെറേലിയില്‍ ഒന്നര ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിന് വിജയിച്ചു. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ യുപിയില്‍ കോണ്‍ഗ്രസിന് കിട്ടിയ ഒറ്റ സീറ്റായിരുന്നു സോണിയയുടേത്.
വയനാട് മണ്ഡലത്തില്‍ രാഹുല്‍ പത്രിക സമര്‍പ്പിച്ചിരുന്നു. മൂന്ന് സെറ്റ് പത്രികയാണ് ജില്ലാ കളക്ടര്‍ രേണുരാജിന് മുമ്പാകെ രാഹുല്‍ ഗാന്ധി സമര്‍പ്പിച്ചത്. ഇനി പതിനഞ്ചാം തീയതി ആയിരിക്കും രാഹുല്‍ മണ്ഡലത്തില്‍ തിരിച്ചെത്തുക. അതിനുശേഷം ഏഴ് ദിവസം മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധി സജീവമാകും.