കൊയിലാണ്ടി∙ റെയിൽപാളം കുറുകെ കടക്കുന്നവർക്കും പാളത്തിനരികിലൂടെ യാത്ര ചെയ്യുന്നവർക്കുമെതിരെ റെയിൽവേ പൊലീസ് നടപടി ശക്തമാക്കിയത് വഴി യാത്രക്കാരെ വലച്ചു. കഴിഞ്ഞ ദിവസങ്ങളിൽ പന്തലായനി ഭാഗത്തെ ഒട്ടേറെ പേർ പിടിയിലായി. ഇവരോട് കോഴിക്കോട് റെയിൽവേ മജിസ്ട്രേട്ടു കോടതിയിൽ ഹാജരായി വിചാരണയ്ക്ക് ഹാജരാകാൻ നിർദേശിച്ചു. പാളത്തിലൂടെ യാത്ര ചെയ്തവർക്ക് 300 രൂപയാണ് കോടതി പിഴ ചുമത്തിയത്.
പന്തലായനി ഭാഗത്തുളളവർ ഏറെയും ടൗണിലെത്താൻ പാളം കുറുകെ കടന്നാണ് യാത്ര ചെയ്യുക. പന്തലായനി ഗവ. എച്ച്എസ്എസിലെ ഭൂരിപക്ഷം വിദ്യാർഥികളും സ്‌കൂളിലെത്തുന്നതും തിരിച്ചു പോകുന്നതും റെയിൽപാത കുറുകെ കടന്നാണ്. റെയിൽപാത കുറുകെ കടന്ന് യാത്ര ചെയ്യുന്നത് ഇന്ത്യൻ റെയിൽവേ നിയമത്തിലെ 147ാം വകുപ്പ് പ്രകാരം കുറ്റകരമാണെന്ന് കാണിച്ച് പലയിടങ്ങളിലും ബോർഡും സ്ഥാപിച്ചിട്ടുണ്ട്.
നിലവിൽ കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിലെ ഫൂട്ട് ഓവർബ്രിജ് പൊതുജനങ്ങൾക്കും ഉപകരിക്കുന്ന തരത്തിൽ പാളത്തിന്റെ ഇരു പുറത്തേക്കും നീട്ടണമെന്നാണ് പന്തലായനി നിവാസികൾ ആവശ്യപ്പെടുന്നത്. അതല്ലെങ്കിൽ പഴയ മുത്താമ്പി റോഡ് നിലനിന്ന സ്ഥാനത്ത് പുതിയൊരു ഫൂട്ട്ഓവർ ബ്രിജ് സ്ഥാപിക്കണം. സമാന രീതിയിൽ പന്തലായനി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിന് സമീപവും വേണം. നിലവിലുളള ഫൂട്ട് ഓവർബ്രിജ് പുറത്തേക്ക് ദീർഘിപ്പിച്ചാൽ യാത്രക്കാർക്ക് ഏറെ സൗകര്യമാകും. വെസ്റ്റ്ഹിൽ, കണ്ണൂർ, ചെറുവത്തൂർ, തൃശൂർ എന്നിവിടങ്ങളിലൊക്കെ ഫൂട്ട് ഓവർ ബ്രിജ് പുറത്തേക്ക് നീട്ടിയിട്ടുണ്ട്. പേരാമ്പ്ര, അരിക്കുളം ഭാഗത്ത് നിന്നു വാഹനങ്ങളിൽ വരുന്ന യാത്രക്കാർ വാഹനം റെയിൽവേ സ്‌റ്റേഷൻ പരിസരത്ത് നിർത്തി റെയിൽവേ സ്റ്റേഷനിലേക്ക് എത്താൻ വലിയ സാഹസമാണ് അനുഭവിക്കുന്നത്.
ഫൂട്ട്ഓവർ ബ്രിജ് നീട്ടുന്നത് ഇവർക്കൊക്കെ സഹായകമാകും. പുതുതായി ഫൂട്ട് ഓവർ ബ്രിഡ്ജ് നിർമിക്കാനുളള ചെലവ് അതാതു തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളോ, എംഎൽഎ,എംപി എന്നിവരുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നോ ഉപയോഗിക്കണമെന്നാണ് റെയിൽവേ അധികൃതർ ആവശ്യപ്പെടുന്നത്. ഏകദേശം ഒന്നര കോടി രൂപയോളം ഫൂട്ട് ഓവർ ബ്രിജിനു ചെലവ് വരും. ഫണ്ട് ലഭ്യമാക്കിയാൽ ഫുട് ഓവർ ബ്രിജിന് റെയിൽവേ അനുമതി നൽകും.