കൊച്ചി: കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിൽ സി.പി.എം നേതാക്കൾക്ക് വീണ്ടും എൻഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് നോട്ടീസ്. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും മുൻ എം.പിയുമായ പി.കെ ബിജുവിനും തൃശൂർ ജില്ലാ സെക്രട്ടറി എം.എം വർഗീസിനുമാണ് വീണ്ടും നോട്ടീസ് ലഭിച്ചത്. ബിജുവിനോട് 11നും വർഗീസിനോട് 22നും ഹാജരാകാനാണ് ഇ.ഡി നിർദേശം.
പാർട്ടിയുടെ ആസ്തി വിവരങ്ങൾ ഹാജരാക്കാൻ ഇ.ഡി നിർദേശിച്ചതായി എം.എം വർഗീസ് പ്രതികരിച്ചു. ഇ.ഡി ആവശ്യപ്പെട്ട രേഖകൾ സമർപ്പിക്കും. വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ടാൽ ഹാജരാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
കള്ളപ്പണ ഇടപാട് കേസിൽ സി.പി.എം നേതാക്കൾ ഇന്നും ഇ.ഡിക്കുമുന്നിൽ ഹാജരായിരുന്നു. പി.കെ ബിജു, എം.എം വർഗീസ് എന്നിവരാണ് ചോദ്യംചെയ്യാൻ ഇ.ഡിക്കു മുന്നിലെത്തിയത്. ഇ.ഡി നടപടി രാഷ്ട്രീയപ്രേരിതമാണെന്ന് എം.എം വർഗീസ് പറഞ്ഞു. ഒൻപത് മണിക്കൂറിലേറെ നേരമാണ് ഇരുവരെയും ചോദ്യം ചെയ്തത്.
2020ലെ കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിലെ മുഖ്യപ്രതി സതീഷ് കുമാർ മുൻ എം.പിയായ പി.കെ ബിജുവിന് അഞ്ചു ലക്ഷം രൂപ കൈമാറി എന്നായിരുന്നു അറസ്റ്റിലായ സി.പി.എം കൗൺസിലർ പി.ആർ അരവിന്ദാക്ഷന്റെ മൊഴി. ഇതുപ്രകാരം രണ്ടാം തവണയാണ് ബിജുവിനെ ഇ.ഡി ചോദ്യംചെയ്യാൻ വിളിപ്പിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച എട്ടുമണിക്കൂലധികം ചോദ്യംചെയ്തിരുന്നു.
കരുവന്നൂർ തട്ടിപ്പിൽ പാർട്ടി നിയോഗിച്ച അന്വേഷണ കമ്മീഷൻ അംഗമായിരുന്ന പി.കെ ബിജുവിൽനിന്ന് അന്വേഷണത്തിലെ കണ്ടെത്തലുകളും നടപടികളും സംബന്ധിച്ച് വ്യക്തത വരുത്തുക എന്നതും ഇ.ഡിയുടെ ചോദ്യംചെയ്യലിന് പിന്നിലുണ്ട്. കരുവന്നൂർ ബാങ്കിൽ ലോക്കൽ കമ്മിറ്റികളുടെ പേരിൽ സി.പി.എമ്മിന് അഞ്ച് രഹസ്യ അക്കൗണ്ടുകളുണ്ടെന്നാണ് ഇ.ഡി ആരോപണം. ഇക്കാര്യത്തിലാണ് തൃശൂർ ജില്ലാ സെക്രട്ടറി എം.എം വർഗീസിന്റെ ചോദ്യംചെയ്യൽ. ഇത് ആറാം തവണയാണ് വർഗീസ് ഇ.ഡി ഓഫിസിൽ ഹാജരാകുന്നത്. ഇ.ഡി നടപടി രാഷ്ട്രീയപ്രേരിതമാണെന്നും പാർട്ടിക്ക് രഹസ്യ അക്കൗണ്ടുകൾ ഇല്ലെന്നും വർഗീസ് ആവർത്തിച്ചു.
കരുവന്നൂരിൽ പാർട്ടി നിയോഗിച്ച അന്വേഷണ കമ്മിഷനിലെ മറ്റൊരു അംഗമായിരുന്ന സി.പി.എം കൗൺസിലർ പി.കെ ഷാജനും ഹാജരാകാൻ ആവശ്യപ്പെട്ട് ഇ.ഡി നോട്ടീസ് നൽകിയിട്ടുണ്ട്.