തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ മണ്ഡല പര്യടനം തുടങ്ങി. ആറ്റിങ്ങൽ മണ്ഡലത്തിലെ വെമ്പായത്ത് നടത്തിയ പൊതുസമ്മേളനത്തോടെയാണ് ആരംഭം. പ്രചാരണവിഷയങ്ങളിൽ പാനൂർ ബോംബ് സ്ഫോടനം സജീവമാക്കി നിർത്താനാണ് യു.ഡി.എഫ് തീരുമാനം.
മുഖ്യമന്ത്രി പിണറായി വിജയൻ മണ്ഡലപര്യടനം തുടങ്ങിയത് ഇടതുമുന്നണിക്ക് മേൽക്കൈയുണ്ടാക്കിയെന്നാണ് പ്രതിപക്ഷ വിലയിരുത്തൽ. ഇതോടെയാണ് ഒട്ടും വൈകാതെ പ്രതിപക്ഷ നേതാവും പര്യടനം തുടങ്ങാൻ തീരുമാനിച്ചത്. ഇന്നലെ ആറ്റിങ്ങലിലും തിരുവനന്തപുരത്തും വി.ഡി സതീശൻ പര്യടനം നടത്തി. ഇന്ന് പത്തനംതിട്ടയിലും നാളെ കോട്ടയത്തുമാണ് പര്യടനം. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച സമയത്ത് പൗരത്വ ഭേദഗതി നിയമവും സിദ്ധാർഥന്റെ മരണവും മാസപ്പടിയും ക്ഷേമപെൻഷനുമൊക്കെയായിരുന്നു മുഖ്യ പ്രചാരണ വിഷയങ്ങൾ. എന്നാൽ, വോട്ടെടുപ്പിന് മൂന്നാഴ്ച മാത്രം ബാക്കിനിൽക്കെയാണ് വീണുകിട്ടിയ വടിയായി പ്രതിപക്ഷത്തിന് പാനൂർ ബോംബ് സ്ഫോടനം മാറുന്നത്.
വടകരയിലെ സ്ഥാനാർഥി ഷാഫി പറമ്പിലിന്റെ പ്രചാരണം നടക്കാനിരിക്കുന്ന സ്ഥലത്താണ് സ്ഫോടനം നടന്നതെന്ന യു.ഡി.എഫ് വാദവും കൂടി ഉയർന്നതോടെ വിഷയത്തിന്റെ ഗൗരവം വർധിച്ചു. അതിനിടെ, കൊല്ലപ്പെട്ട ഡി.വൈ.എഫ്.ഐ പ്രവർത്തകന്റെ വീട്ടിൽ സി.പി.എം നേതാക്കൾ പോയതും പ്രതിപക്ഷത്തിന് ബോണസായി. ടി.പി വധം വടകര വഴി കേരളത്തിൽ ഒരിക്കൽക്കൂടി ചർച്ചയാക്കാൻ പ്രതിപക്ഷം ആഗ്രഹിക്കുന്ന സമയത്താണ് തൊട്ടപ്പുറമുള്ള പാനൂരിൽ സ്ഫോടനം കൂടിയുണ്ടാകുന്നത്.