വയനാട്: സംസ്ഥാന അതിർത്തിയായ നൂൽപ്പുഴയിൽ കാട്ടാന ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം. കാപ്പാട് ഉന്നതിയിലെ മനു(45) ആണ് മരിച്ചത്. ഇന്നലെ വൈകിട്ടാണ് സംഭവം. കടയിൽ പോയി സാധനങ്ങൾ വാങ്ങി തിരികെ വരുമ്പോഴാണ് ആക്രമണം ഉണ്ടായത്.
അതേസമയം ഇന്നലെ ഇടുക്കി പെരുവന്താനത്തും കാട്ടാന ആക്രമണത്തിൽ സ്ത്രീ മരിച്ചിരുന്നു. കൊമ്പൻപാറ സ്വദേശി സോഫിയ ഇസ്മായിലാണ് കൊല്ലപ്പെട്ടത്. പ്രദേശത്ത് നാട്ടുകാരുടെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. രാത്രി വൈകിയും പ്രതിഷേധം തുടർന്നിരുന്നു.കലക്ടർ സ്ഥലത്തെത്തി നാട്ടുകാരുമായി ചർച്ച നടത്തി.പത്ത് ലക്ഷം രൂപ ധനസഹായവും പ്രഖ്യാപിച്ചു.
അതിനിടെ വയനാട് ഇരുളം വനമേഖലയിൽ കൊമ്പനാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. സൗത്ത് വയനാട് ഡിവിഷനിലെ ചേലക്കൊല്ലിയിലാണ് ആനയെ ചരിഞ്ഞ നിലയിൽ കണ്ടത്. കാട്ടിനകത്ത് ചതുപ്പിൽ താഴ്ന്നു കിടക്കുന്ന നിലയിലാണ് കണ്ടത്. അല്‍പസമയത്തിനകം പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കും.



