കൊച്ചി: ക്ഷേമ പെൻഷൻ അവകാശമല്ലെന്നും സർക്കാറിന്‍റെ സഹായം മാത്രമാണെന്നും സംസ്ഥാന സർക്കാർ സത്യവാങ്മൂലത്തിൽ ഹൈകോടതിയെ അറിയിച്ചു. സാമൂഹ്യ ക്ഷേമ പെൻഷൻ വിതരണം മുടങ്ങിയതിനെതിരായ ഹരജിയിലാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്.ക്ഷേമ പെൻഷൻ എപ്പോൾ വിതരണം ചെയ്യണമെന്ന് തീരുമാനമെടുക്കുന്നത് സർക്കാറാണ്. സർക്കാറിന്‍റെ നയപരമായ തീരുമാനത്തിന്റെ ഭാഗം മാത്രമാണ് ക്ഷേമ പെൻഷൻ.
നിയമം അനുശാസിക്കുന്ന പെൻഷൻ ഗണത്തിൽ പെടുന്നതല്ല ഇതെന്നും സർക്കാർ വ്യക്തമാക്കി.സംസ്ഥാനത്ത് അഞ്ച് വിഭാഗങ്ങളിൽ 45 ലക്ഷത്തിലേറെ പേർക്ക് പെൻഷൻ നൽകുന്നു. പെൻഷൻ വിതരണത്തിനായി മാസം 900 കോടി രൂപയാണ് ചെലവ്. ഇതിന് പുറമെ വെൽഫെയർ പെൻഷനുകൾക്കായി 90 കോടി രൂപയും വേണം. സാമ്പത്തിക പ്രതിസന്ധി കാരണമാണ് പെൻഷൻ വിതരണം നടക്കാത്തതെന്നും സർക്കാർ ഹൈകോടതിയെ അറിയിച്ചു.