തിരുവല്ല : ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട യുവതിയുമായി നിരന്തരം ചാറ്റിംഗിൽ ഏർപ്പെട്ട്, വിവാഹവാഗ്ദാനം നൽകിയശേഷം ബലാൽസംഗം ചെയ്ത യുവാവിനെ പുളിക്കീഴ് പോലീസ് അറസ്റ്റ് ചെയ്തു. നെടുമ്പ്രം പൊടിയാടി ശോഭ ഭവനിൽ സതീഷ് പാച്ചൻ (30) ആണ് പിടിയിലായത്. അടൂർ പെരിങ്ങനാടുള്ള 24 കാരിയാണ് പലതവണ ലൈംഗികപീഡനത്തിന് ഇരയായത്. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്രതി യുവതിയുമായി സ്ഥിരമായി ചാറ്റിങ്ങിൽ ഏർപ്പെട്ടിരുന്നു. അടുപ്പത്തിലായശേഷം ഇയാൾ വിവാഹവാഗ്ദാനം നൽകി. തുടർന്ന് 2023 ജൂൺ 24ന് ഇയാളുടെ വീട്ടിൽ വിളിച്ചു വരുത്തി ആദ്യമായി പീഡനത്തിന് ഇരയാക്കി. തുടർന്ന് ജൂലൈ ഒന്നിനും, 2024 ജനുവരി 19 നും ഇവിടെ വച്ച് പീഡിപ്പിച്ചു.
20023 ജൂലൈ 24 ന് കാലടിയ്ക്കടുത്തുള്ള ഒരു ഹോംസ്റ്റേയിൽവച്ചും, പിറ്റേവർഷം ഇയാളുടെ ബന്ധുവിന്റെ വീട്ടിൽ വച്ചും ലൈംഗിക പീഡനത്തിന് വിധേയയാക്കി. ഇന്നലെ പുളിക്കീഴ് പോലീസ് സ്റ്റേഷനിലെത്തി യുവതി മൊഴി നൽകിയതുപ്രകാരം പോലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചു. തിരുവല്ല താലൂക്ക് ആശുപത്രിയിൽ യുവതിയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കി. തുടർന്ന്, പോലീസ് ഇൻസ്‌പെക്ടർ അജിത് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ പ്രതിയെ വൈകിട്ട് നാലരയോടെ വീടിനു സമീപത്തു നിന്നും കസ്റ്റഡിയിലെടുക്കുകയായിരുന്നു. സ്റ്റേഷനിലെത്തിച്ച് വിശദമായ ചോദ്യം ചെയ്തപ്പോൾ പ്രതി കുറ്റം സമ്മതിച്ചു. പോലീസ് കുറ്റസമ്മതമൊഴി രേഖപ്പെടുത്തി. കുറ്റകൃത്യം നടന്ന ഇയാളുടെ വീട്ടിലും ബന്ധുവീട്ടിലും എത്തിച്ചു തെളിവെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എസ് ഐ സതീഷ്കുമാർ, എസ് സി പി ഓ അനീഷ്, സി പി ഓമാരായ രഞ്ജു കൃഷ്ണൻ, സന്ദീപ്, അലോക്, അഖിൽ, റിയാസ്, ശ്രീജ ഗോപിനാഥ് എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്
ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട് വിവാഹവാഗ്ദാനം നൽകി പീഡനം : യുവാവ് അറസ്റ്റിൽ
RELATED ARTICLES