തിരുവനന്തപുരം: കേരള സ്റ്റോറി സനിമയെക്കുറിച്ചുള്ള ചർച്ചകൾ ഇവിടെ അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ആ ചൂണ്ടയിൽ വീഴരുതെന്നും വിഡി സതീശൻ മാധ്യമങ്ങളോട് പ്രതികരിച്ചു. കാപട്യത്തിന്റെ പേരാണ് പിണറായി. പൗരത്വ ഭേദഗതിയിൽ മാത്രം ചർച്ച ഒതുക്കാം എന്ന് പിണറായി കരുതേണ്ട. സിഎഎക്ക് എതിരായി സംഘടിപ്പിക്കപ്പെട്ട സമരങ്ങൾക്കെതിരെ ചുമത്തിയ കേസുകൾ ആദ്യം പിൻവലിക്കട്ടെയെന്നും വിഡി സതീശൻ പറഞ്ഞു.
സാമൂഹ്യ ക്ഷേമപെൻഷൻ ഔദാര്യമാണോ എന്ന് പിണറായി വ്യക്തമാക്കണം. സാമൂഹ്യ ക്ഷേമ പെൻഷൻ അവകാശമല്ലെന്നാണ് കോടതിയിൽ സർക്കാർ നിലപാടെടുത്തത്. രാജ്യത്ത് ആകെ19 സീറ്റിൽ മാത്രം മത്സരിക്കുന്ന സിപിഎം ആണ് പ്രകടനപത്രിക പുറത്തിറക്കിയിരിക്കുന്നത്. യുഎപിഎ പിൻവലിക്കുമെന്ന പ്രകടനപത്രികയിലെ വാഗ്ദാനം രാജ്യത്ത് ആദ്യം യുഎപിഎ ചുമത്തിയ സംസ്ഥാനം കേരളമാണ്. ബിജെപിക്കാർക്കെതിരെ യുഎപിഎ ചുമത്താൻ മാത്രമേ പിണറായിക്ക് മടിയുള്ളൂവെന്നും സതീശൻ പറഞ്ഞു.
അനിൽ ആന്റണിക്കെതിരായ എകെ ആന്റണിയുടെ പ്രസ്താവനയോടും സതീശൻ പ്രതികരിച്ചു. എകെ ആന്റണി സ്വീകരിച്ചത് മഹിതമായ നിലപാടാണ്. അദ്ദേഹത്തെ ചെളിവാരി അറിയാൻ ആരും നോക്കേണ്ട. മത -ഭാഷാ ന്യൂനപക്ഷങ്ങളോടുള്ള നിലപാട് പ്രകടനപത്രിയിൽ കോൺഗ്രസ് കൃത്യമായി പറയുന്നുണ്ടെന്നും സതീശൻ കൂട്ടിച്ചേർത്തു.