ഇംഫാൽ: മണിപ്പൂരിലെ സിആർപിഎഫ് ക്യാമ്പിൽ രണ്ട് സഹപ്രവർത്തകരെ വെടിവെച്ചു കൊന്ന ശേഷം ജവാൻ ജീവനൊടുക്കി. മണിപ്പൂരിലെ ഇംഫാൽ ജില്ലയിലുള്ള ലാഫെൽ സിആർപിഎഫ് ക്യാമ്പിൽ വ്യാഴാഴ്ച രാത്രി 8.20ഓടെ ആയിരുന്നു സംഭവമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. എട്ട് പേർക്ക് പരിക്കേറ്റിട്ടുമുണ്ട്
കേന്ദ്ര റിസർവ് പൊലീസ് സേനയിൽ ഹവിൽദാറായ സഞ്ജയ് കുമാറാണ് സഹപ്രവർത്തകർക്ക് നേരെ വെടിയുതിർത്തത്. ഒരു സബ് ഇൻസ്പെക്ടറും മറ്റൊരു കോൺസ്റ്റബിളും മരിച്ചു. ശേഷം സ്വന്തം ശരീരത്തിലേക്ക് തോക്ക് ചൂണ്ടി കാഞ്ചിവലിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. സിആർപിഎഫിലെ 120-ാം ബറ്റാലിയനിലെ അംഗമായിരുന്നു സഞ്ജയ് കുമാർ. സംഭവത്തിൽ മറ്റ് എട്ട് ജവാന്മാർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ഇംഫാലിലെ റീജ്യണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ അധികൃതർ അന്വേഷണം പ്രഖ്യാപിച്ചു. ഇതുവരെ സിആർപിഎഫിൽ നിന്ന് ഔദ്യോഗികമായ വിശദീകരണങ്ങളൊന്നും ലഭ്യമായിട്ടില്ല. എന്നാൽ മണിപ്പൂർ പൊലീസ് തങ്ങളുടെ എക്സ് അക്കൗണ്ടിലൂടെ സംഭവം സ്ഥിരീകരിച്ചു.