പത്തനംതിട്ട : നാളെ പത്തനംതിട്ട പെരുനാട്ടിൽ ഹർത്താലിന് ആഹ്വാനം ചെയ്ത് സിപിഐഎം. രാവിലെ ആറ് മണി മുതൽ ഉച്ചയ്ക്ക് രണ്ട് മണി വരെയാണ് ഹർത്താൽ സംഘടിപ്പിച്ചിരിക്കുന്നത്. സിഐടിയു പ്രവര്‍ത്തകന്‍ ജിതിൻ കൊലപാതകത്തിൽ പ്രതിഷേധിച്ചാണ് സിപിഐഎം ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
അതേ സമയം ജിതിന്റെ സംസ്കാര ചടങ്ങ് നാളെ നടക്കും. ജിതിന്റെ പൊതു ദർശനം സിപിഐഎം പെരുനാട് ലോക്കൽ കമ്മിറ്റി ഓഫീസിൽ രാവിലെ മുതൽ നടക്കും. ഫെബ്രുവരി 16-നാണ് സിഐടിയു പ്രവര്‍ത്തകന്‍ ജിതിനെ എട്ട് പ്രതികൾ ചേര്‍ന്ന് കൊലപ്പെടുത്തിയത്. സിഐടിയു ഹെഡ് ലോഡ് വര്‍ക്കേഴ്‌സ് യൂണിയന്‍ അംഗമാണ് ജിതിന്‍. കൊലപാതകത്തിന് പിന്നില്‍ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി രാജു എബ്രഹാം ആരോപിച്ചിരുന്നു.
ജിതിനെ കൊലപ്പെടുത്തുന്നതിന് മുമ്പ് പ്രതികള്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ മര്‍ദിച്ചു. വടിവാള്‍ കൊണ്ടാണ് ഇവര്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ ആക്രമിച്ചതെന്നാണ് ആരോപണം. തുടര്‍ന്ന് സംഭവം അറിഞ്ഞ് സ്ഥലത്ത് എത്തിയ ജിതിനെ വടിവാള്‍ കൊണ്ട് വെട്ടുകയായിരുന്നു. വടിവാള്‍ കൊണ്ട് തന്നെയാണ് ജിതിനെ ആക്രമിച്ചത്. കാലിലും വയറിലും ജിതിന് വെട്ടേറ്റു. ലോഡിങ്ങുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം തര്‍ക്കം നടന്നിരുന്നു. ദൃക്‌സാക്ഷിയില്‍ നിന്നും പെരുനാട് പൊലീസ് മൊഴിയെടുത്തിരുന്നു.
ജിതിനെ കുത്തിയത് താൻ തന്നെയെന്നാണ് പ്രധാന പ്രതി വിഷ്ണുവും പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. തങ്ങൾക്കൊന്നുമറിയില്ലെന്ന് കൂട്ടുപ്രതികളും മൊഴി നൽകി. പ്രതികൾ സഞ്ചരിച്ച വാഹനത്തിൽ നിന്നും കണ്ടെടുത്ത ആയുധം കൃത്യത്തിന് ഉപയോഗിച്ചതെന്ന് പൊലീസിന് വ്യക്തമായിട്ടുണ്ട്. എട്ട് പ്രതികളേയും കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.
ഞായറാഴ്ച രാത്രി എട്ടരയ്ക്ക് മടത്തും മൂഴിയിൽ സംഘർഷത്തിന് തുടക്കമിട്ടത് രണ്ടുപേരാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പിന്നീട് ആളുകളുടെ എണ്ണം കൂടി. സംഭവസ്ഥലത്തെ സിസിടിവി ദൃശ്യം കേസിൽ നിർണ്ണായകമാകും. പെരുനാട് സ്വദേശികളായ നിഖിലേഷ്, വിഷ്ണു, ശരൺ, സുമിത്, മനീഷ്, ആരോമൽ, മിഥുൻ, അഖിൽ എന്നിവരാണ് കേസിലെ പ്രതികൾ. പ്രതി വിഷ്ണു കാറിൽ നിന്നും കത്തിയെടുത്ത് ജിതിനെ കുത്തിയതായാണ് എഫ്‌ഐആറിൽ പറയുന്നത്. പ്രതികളിൽ രണ്ട് പേർ മുൻ ഡിവൈഎഫ്‌ഐ പ്രവർത്തകരാണ്.