മോസ്കോ : റിയാദിൽ യുഎസ്–റഷ്യ മന്ത്രിതല ചർച്ചയ്ക്കു പിന്നാലെ, ഈ മാസം തന്നെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും റഷ്യ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിനും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ഒരുക്കം തുടങ്ങി. റഷ്യാവിരുദ്ധനയം ഉപേക്ഷിച്ച ട്രംപ്, യുദ്ധത്തിന് ഉത്തരവാദി യുക്രെയ്നാണെന്നും കുറ്റപ്പെടുത്തി. യുദ്ധത്തിനുപോകാതെ റഷ്യയുമായി യുക്രെയ്ൻ ധാരണയുണ്ടാക്കണമായിരുന്നുവെന്നാണു ട്രംപ് പറഞ്ഞത്.
റഷ്യൻ നുണകളുടെ കുമിളകളിൽ കുടുങ്ങിക്കിടക്കുകയാണു ട്രംപ് എന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി പ്രതികരിച്ചു. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാതെ യുക്രെയ്നിനെക്കുറിച്ചുള്ള കൂടുതൽ സത്യങ്ങൾ ട്രംപ് ഭരണകൂടം അറിയേണ്ടതുണ്ടെന്നും സെലെൻസ്കി പറഞ്ഞു. യുക്രെയ്നിൽ സെലെൻസ്കിയുടെ ജനപ്രീതി കുത്തനെ ഇടിഞ്ഞ് 4% ആയെന്നും തന്റേത് 57% ആയി ഉയർന്നെന്നും ട്രംപ് കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു.
തങ്ങളെ മാറ്റിനിർത്തിയുള്ള ഒരു കരാറും അംഗീകരിക്കില്ലെന്ന നിലപാട് യുക്രെയ്ൻ ആവർത്തിക്കുന്നതിടെ, യുഎസ് പ്രത്യേക പ്രതിനിധി കെയ്ത്ത് കെലോഗ് ഇന്നലെ യുക്രെയ്ൻ തലസ്ഥാനമായ കീവിലെത്തി. സെലെൻസ്കിയുമായും സൈനിക കമാൻഡർമാരുമായും ചർച്ച നടത്തും. നാറ്റോയിൽ ചേരുക എന്ന യുക്രെയ്ൻ സ്വപ്നം യാഥാർഥ്യമാവില്ലെന്ന സൂചനയാണ് യുഎസ് ഉദ്യോഗസ്ഥർ നൽകുന്നത്.
24ന് യുക്രെയ്ൻ യുദ്ധം നാലാം വർഷത്തിലേക്കു പ്രവേശിക്കും. റിയാദ് ചർച്ച ഫലപ്രദമായിരുന്നുവെന്നും സമാധാന ചർച്ചകളിൽനിന്നു സെലെൻസ്കിയെ മാറ്റിനിർത്തില്ലെന്നും പുട്ടിൻ പറഞ്ഞു.



