ന്യൂഡൽഹി: സൈനിക് സ്കൂളുകളുടെ സ്വകാര്യവത്കരണത്തിനെതിരെ രാഷ്ട്രപതി ദ്രൗപതി മുർമുവിന് കത്തെഴുതി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. പൊതുസ്ഥാപനങ്ങൾ ഒന്നൊന്നായി നിയന്ത്രണത്തിലാക്കിക്കൊണ്ട് ആർ.എസ്.എസ് പ്രത്യയശാസ്ത്രം അടിച്ചേൽപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമാണ് സൈനിക് സ്കൂളുകളുടെ സ്വകാര്യവത്കരണമെന്ന് ഖാർഗെ കത്തിൽ ചൂണ്ടിക്കാട്ടി.
സായുധസേനയുടെ സ്വഭാവത്തിനും ധാർമികതക്കും മേലുള്ള കനത്ത പ്രഹരമാണ് ആർ.എസ്.എസ് ബന്ധമുള്ള സംഘടനകൾക്ക് സൈനിക് സ്കൂളുകൾ അനുവദിച്ച നടപടിയെന്ന് ഖാർഗെ പറഞ്ഞു. ഈ സംഘടനകളെ നയിക്കുന്ന ആശയം സൈനിക് സ്കൂളുകളിൽ അടിച്ചേൽപ്പിക്കുന്നത് വഴി തകർക്കപ്പെടുക എല്ലാവരെയും ഉൾക്കൊള്ളുകയെന്ന നയം മാത്രമല്ല, സൈനിക് സ്കൂളുകളുടെ ദേശീയ സ്വഭാവം കൂടിയാണ്. അതിനാൽ, സൈനിക് സ്കൂളുകളുടെ സ്വകാര്യവത്കരണമെന്ന നയം ദേശീയതാൽപര്യം മുൻനിർത്തി പിൻവലിക്കണമെന്ന് ആവശ്യപ്പെടുകയാണ്. ഇതുമായി ബന്ധപ്പെട്ട് ഒപ്പിട്ട ധാരണാപത്രങ്ങൾ അസാധുവാക്കണമെന്നും ആവശ്യപ്പെടുന്നു -ഖാർഗെ കത്തിൽ പറഞ്ഞു.
രാജ്യത്ത് പുതിയതായി ആരംഭിച്ച സൈനിക് സ്കൂളുകളിൽ 62 ശതമാനവും സംഘ്പരിവാർ-ബി.ജെ.പി ബന്ധമുള്ളവർക്കും സഖ്യകക്ഷികൾക്കും അനുവദിച്ചെന്ന വിവരമാണ് പുറത്തുവന്നിരിക്കുന്നത്. സ്വതന്ത്ര മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ ‘ദ റിപ്പോർട്ടേഴ്സ് കലക്ടിവ്’ ആണ് ഇക്കാര്യം പുറത്തുവിട്ടത്.
2021ലാണ് സൈനിക് സ്കൂളുകൾ ആരംഭിക്കാൻ കേന്ദ്ര സർക്കാർ സ്വകാര്യ മേഖലയിൽനിന്നുള്ളവർക്ക് അനുവാദം നൽകിയത്. സൈനിക് സ്കൂളുകളുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ പുറത്തിറക്കിയ വാർത്താക്കുറിപ്പിലെയും വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലെയും വിവരങ്ങൾ ഏറെ ആശങ്കയുണ്ടാക്കുന്നതാണെന്ന് ‘ദ റിപ്പോർട്ടേഴ്സ് കലക്ടിവി’ന്‍റെ റിപ്പോർട്ടിൽ പറയുന്നു. സൈനിക് സ്കൂൾ സൊസൈറ്റിയുമായി ഇതുവരെ ധാരണപത്രം ഒപ്പിട്ട 40 സൈനിക് സ്കൂളുകളിൽ 62 ശതമാനവും ആർ.എസ്.എസുമായോ അതിന്റെ ഉപസംഘടനകളുമായോ ബി.ജെ.പി നേതാക്കളുമായോ സഖ്യകക്ഷികളുമായോ ബന്ധമുള്ളവയാണ്. ഹിന്ദുത്വ സംഘടനകളുടെയും ഹിന്ദുത്വ നേതാക്കളുടെയും സ്കൂളുകളും ഇതിൽ ഉൾപ്പെടുന്നു.