മുംബൈ: സ്‌റ്റാർലിങ്കിന്റെ ഇന്റർനെറ്റ് സേവനങ്ങൾ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിനായി എയര്‍ടെലിന് പിന്നാലെ മുകേഷ് അംബാനിയുടെ ജിയോയും കരാറില്‍ ഒപ്പുവെച്ചു. ഇന്നലെയായിരുന്നു ഇലോണ്‍ മസ്‌കിന്റെ സ്പെയ്സ്എക്സുമായി കരാര്‍ ഒപ്പുവെച്ചതായി ഭാരതി എയര്‍ടെല്‍ പ്രഖ്യാപിച്ചത്.
രാജ്യത്ത് സ്‌റ്റാർലിങ്ക് സേവനങ്ങൾ വിൽക്കുന്നതിന് ആവശ്യമായ അംഗീകാരങ്ങൾ സ്‌പേസ് എക്‌സിന് ലഭിക്കുന്നതിനെ ആശ്രയിച്ചിരിക്കും പ്രസ്‌തുത കരാർ. അംഗീകാരം ലഭിച്ചാൽ ജിയോ തങ്ങളുടെ റീട്ടെയില്‍ ഔട്ട്ലെറ്റുകള്‍ വഴിയും ഓണ്‍ലൈന്‍ സ്റ്റോര്‍ വഴിയും സ്റ്റാര്‍ലിങ്ക് സൊല്യൂഷനുകള്‍ ലഭ്യമാക്കും. സ്റ്റാര്‍ലിങ്കുമായുള്ള കരാർ ഇന്ത്യയിലെ ഗ്രാമീണ മേഖലയിലുള്‍പ്പെടെ മികച്ച ബ്രോഡ് ബാന്‍ഡ് സേവനം എത്തിക്കാന്‍ ഉപകരിക്കുമെന്ന് ജിയോ അവകാശപ്പെട്ടു.