മോസ്കോ : മൂന്നു വർഷം പിന്നിട്ട യുക്രെയ്ൻ–റഷ്യ യുദ്ധം അവസാനിപ്പിക്കാനുള്ള യുഎസ് മധ്യസ്ഥശ്രമത്തിൽ നിർണായക മുന്നേറ്റം. സൗദിയിലെ ജിദ്ദയിൽ യുഎസ്, യുക്രെയ്ൻ ഉദ്യോഗസ്ഥർ നടത്തിയ ചർച്ചയിലാണ് 30 ദിവസത്തെ വെടിനിർത്തൽ നിർദേശം യുക്രെയ്ൻ അംഗീകരിച്ചത്. തൊട്ടുപിന്നാലെ യുക്രെയ്നിന് ആയുധങ്ങൾ നൽകുന്നതിനുള്ള വിലക്ക് യുഎസ് നീക്കി. ഇന്റലിജൻസ് വിവരങ്ങൾ പങ്കുവയ്ക്കുന്നതും തുടരും.
ജിദ്ദയിലെ ചർച്ചയിൽ വെടിനിർത്തൽ നിർദേശം യുക്രെയ്ൻ അംഗീകരിച്ചതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. വെടിനിർത്തൽ നിർദേശം നല്ല ചുവടാണെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി പറഞ്ഞു. റഷ്യ കൂടി സമ്മതിച്ചാൽ വെടിനിർത്തൽ ഉടൻ നിലവിൽവരുമെന്നും അറിയിച്ചു. വെടിനിർത്തൽ സമയത്ത് സമാധാനക്കരാറിനുള്ള കരടു തയാറാക്കണമെന്ന നിർദേശവും അദ്ദേഹം മുന്നോട്ടു വച്ചു. ഇനി ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് മോസ്കോയിലെത്തി പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനെ കാണുമെന്നാണു കരുതുന്നത്.