കിയവ്: യുക്രെയ്ൻ സന്നദ്ധത അറിയിച്ച 30 ദിവസ വെടിനിർത്തലിൽ ചർച്ച ആരംഭിക്കുംമുമ്പ് അമേരിക്ക വിശദാംശങ്ങൾ പങ്കുവെക്കണമെന്ന് റഷ്യ. സൗദി അറേബ്യയിൽ യു.എസ്- യുക്രെയ്ൻ ഉദ്യോഗസ്ഥരുടെ ചർച്ചകൾക്കു ശേഷം മുന്നോട്ടുവെച്ച താൽക്കാലിക വെടിനിർത്തലുമായി ബന്ധപ്പെട്ട വിവരങ്ങളാണ് പൂർണമായി കൈമാറണമെന്ന ആവശ്യം. വിഷയം റഷ്യയുമായി ചർച്ച നടത്തുമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോ പ്രതികരിച്ചു.
വെടിനിർത്തൽ നടപ്പാക്കാനായി വൈറ്റ് ഹൗസ് പശ്ചിമേഷ്യ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് വരുംദിവസം മോസ്കോയിലേക്ക് തിരിക്കും. വെടിനിർത്തൽ സംബന്ധിച്ച് കൂടുതൽ ചർച്ച നടത്തുമെന്ന് യുക്രെയ്നും അറിയിച്ചിട്ടുണ്ട്. നിലവിൽ, യുക്രെയ്ൻ സൈനികമായി കൂടുതൽ തളരുകയും കുർസ്കിലുൾപ്പെടെ റഷ്യ മുന്നേറ്റം ശക്തിയാക്കുകയും ചെയ്ത നിലവിലെ സാഹചര്യത്തിൽ വെടിനിർത്തലിന് വ്ലാദിമിർ പുടിൻ വലിയ താൽപര്യം കാട്ടില്ലെന്നാണ് സൂചന.