ഷാർജ :കുട്ടികളുടെ വായനോത്സവത്തിന്റെ ഭാഗമായി 3 സാഹിത്യ അവാർഡുകൾക്കായി ഷാർജ ബുക്ക് അതോറിറ്റി അപേക്ഷ ക്ഷണിച്ചു. ഷാർജ ചിൽഡ്രൻസ് ബുക്ക്, ഷാർജ ഓഡിയോ ബുക്ക് , കാഴ്ചപരിമിതർക്കായുള്ള പുസ്തകം എന്നീ മേഖലയിലാണ് അവാർഡ് നൽകുന്നത്. ആകെ 1.1 ലക്ഷം ദിർഹത്തിന്റേതാണ് അവാർഡുകൾ.
ഏപ്രിൽ 23 മുതൽ മേയ് 4 വരെ ഷാർജ എക്സ്പോ സെന്ററിലാണ് ഷാർജ ചിൽഡ്രൻസ് റീഡിങ് ഫെസ്റ്റിവൽ നടക്കുന്നത്. അവാർഡിനുള്ള അപേക്ഷകൾ മാർച്ച് 31ന് അകം നൽകണം. എഴുത്തുകാർ, പ്രസാധകർ, പുസ്തകങ്ങളിലെ ചിത്രങ്ങൾ വരച്ചവർ എന്നിവർക്ക് അവാർഡിന് അപേക്ഷിക്കാം. റീഡിങ് ഫെസ്റ്റിവലിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്. വിലാസം: https://www.scrf.ae/en/awards.
അപേക്ഷകർ അവാർഡിനു പരിഗണിക്കേണ്ട പുസ്തകത്തിന്റെ 3 കോപ്പികൾ നൽകണം. പ്രസാധകരെ സംബന്ധിച്ചുള്ള വിവരങ്ങൾ, അപേക്ഷകരുടെ വ്യക്തി വിവരങ്ങൾ, പാസ്പോർട്ട് പകർപ്പ് എന്നിവയും നൽകണം. https://www.scrf.ae/en/awardnominationform ഈ ലിങ്കും ഉപയോഗിക്കാം.
ചിൽഡ്രൻസ് ബുക്ക് അവാർഡിന് 3 വിജയികൾ ഉണ്ടാകും. ഓരോരുത്തർക്കും 20,000 ദിർഹമാണ് അവാർഡ്. അറബിക് ചിൽഡ്രൻസ് ബുക്ക് (4 –12 വയസ്സുള്ളവർക്ക്), അറബിക് യങ് അഡൽറ്റ് ബുക്ക് (13 –17 വയസ്സുള്ളവർക്ക്), ഇംഗ്ലിഷ് പുസ്തകം (7– 13 വയസ്സുള്ളവർക്ക്). അവാർഡിനു പരിഗണിക്കേണ്ട പുസ്തകങ്ങൾ 2 വർഷത്തിനകം ആദ്യ എഡിഷൻ പ്രസിദ്ധീകരിച്ചതാകണം. തർജമ ചെയ്തതോ, മറ്റു ഭാഷകളിൽ നിന്ന് ഉൾക്കൊണ്ടതോ ആണെങ്കിൽ പരിഗണിക്കില്ല. സൃഷ്ടി മൗലികമാകണം. അവാർഡ് നേടുന്ന പുസ്തകങ്ങൾ പിന്നീട്, പ്രചരിപ്പിക്കുന്നതിനുള്ള അവകാശം അവാർഡ് കമ്മിറ്റിക്കു നൽകണം.