നാഗ്പൂരില്‍ രണ്ട് മതവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം. ഔറംഗസേബിന്റെ ശവകുടീരം മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിക്കുന്ന ഒരുവിഭാഗം ഖുര്‍ആന്‍ കത്തിച്ചുവെന്ന അഭ്യൂഹത്തെ തുടര്‍ന്നാണ് നാഗ്പൂരില്‍ സംഘര്‍ഷമുണ്ടായത്. കോട്വാലി, ഗണേഷ്‌പേത്ത്, ചിത്‌നിസ് പാര്‍ക്ക് എന്നിവിടങ്ങളില്‍ കല്ലേറുണ്ടായെന്നാണ് റിപ്പോര്‍ട്ട്. നാല് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു.
നാഗ്പൂരില്‍ സമാധാനം പുനസ്ഥാപിക്കാനായിട്ടുണ്ടെന്നും വ്യാജ പ്രചാരണങ്ങള്‍ വിശ്വസിക്കരുതെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് അറിയിച്ചു. മഹല്‍ എന്ന പ്രദേശത്ത് വ്യാപാര സ്ഥാപനങ്ങള്‍ക്കും വാഹനങ്ങള്‍ക്കും അക്രമികള്‍ തീയിട്ടു. പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
സംഘര്‍ഷം നിയന്ത്രിക്കാനെത്തിയ പൊലീസുകാര്‍ക്കും പരുക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. ഔറംഗസേബിന്റെ ശവകുടീരത്തിന്റെ പരിസരത്ത് വന്‍ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. സമാധാനം പുനസ്ഥാപിക്കാനുള്ള പൊലീസിന്റെ ശ്രമങ്ങളോട് സഹകരിക്കണമെന്ന് പ്രദേശവാസികളോട് മുഖ്യമന്ത്രിയുടെ ഓഫിസ് അഭ്യര്‍ത്ഥിച്ചു.