തിരുവനന്തപുരം: സെക്രട്ടേറിയറ്റ് പടിക്കൽ രാപ്പകൽ സമരം നടത്തുന്ന ആശാവർക്കർമാരുമായി നാഷനൽ ഹെൽത്ത് മിഷൻ ഡയറക്ടർ വിനയ് ഗോയൽ നടത്തിയ ചർച്ച പരാജയം. തുടർന്ന് നാളെ മുതൽ അനിശ്ചിതകാല നിരാഹാര സമരവുമായി മുന്നോട്ടുപോകാനാണ് ആശമാരുടെ തീരുമാനം. പ്രധാനപ്പെട്ട ആവശ്യങ്ങൾ ചർച്ചയിൽ അംഗീകരിച്ചില്ലെന്ന് ചർച്ചയിൽ പങ്കെടുത്തവർ പറഞ്ഞു. ഒരു മണിക്കൂറോളം ചർച്ച നീണ്ടു.
ഓണറേറിയത്തെ കുറിച്ച് മിണ്ടിയില്ല. സർക്കാർ ഖജനാവിൽ പണമില്ല. അതിനാൽ സർക്കാറിന് സമയം നൽകണമെന്നും ആവശ്യപ്പെട്ടു. സമരത്തിൽ നിന്ന് പിൻമാറണമെന്നായിരുന്നു പ്രധാന ആവശ്യം. ഏറ്റവുമൊടുവിൽ മന്ത്രിയുമായി ചർച്ച നടത്താൻ അവസരം നൽകാമെന്ന് പറഞ്ഞാണ് എൻ.എച്ച്.എം ഡയറക്ടർ ചർച്ച അവസാനിപ്പിച്ചതെന്നും ആശമാർ വ്യക്തമാക്കി. ചർച്ചക്ക് വിളിച്ചതിന് പിന്നാലെ വലിയ പ്രതീക്ഷയിലായിരുന്നു ആശമാർ. എന്നാൽ ചർച്ച കഴിഞ്ഞതോടെ ആ പ്രതീക്ഷ നിരാശയിലേക്ക് വഴിമാറി.
അവകാശങ്ങൾ വാങ്ങിയെടുക്കുന്നത് വരെ പിന്നോട്ടില്ലെന്നാണ് ഇവരുടെ നിലപാട്. നാളെ രാവിലെ 11 മണിമുതൽ നിരാഹാര സമരം നടത്താനാണ് ആശമാരുടെ തീരുമാനം.വേതനവർധനവ് ഉൾപ്പടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് ആശാവർക്കർമാർ സമരം നടത്തുന്നത്. നേരത്തെയും എൻ.എച്ച്.എം ആശാവർക്കർമാരെ ചർച്ചക്ക് വിളിച്ചിരുന്നു. എന്നാൽ, അന്ന് ആശമാർ ഉന്നയിച്ച ആവശ്യങ്ങളിൽ തങ്ങൾക്കൊന്നും ചെയ്യാനില്ലെന്നും ഇക്കാര്യത്തിൽ സംസ്ഥാന സർക്കാറാണ് തീരുമാനമെടുക്കേണ്ടതെന്നായിരുന്നു എൻ.എച്ച്.എം നിലപാട്. സെക്രട്ടേറിയറ്റിന് മുന്നിലെ രാപ്പകല്‍ സമരത്തിന്റെ തുടര്‍ച്ചയായി അടുത്തഘട്ടം സമരം ആശ വര്‍ക്കര്‍മാര്‍ പ്രഖ്യാപിച്ചിരുന്നു.
ഈ മാസം 20-ാം തീയതി മുതല്‍ നിരാഹാരസമരം ആരംഭിക്കുമെന്ന് സമരസമിതി പ്രസിഡന്റ് വി.കെ. സദാനന്ദന്‍ പറഞ്ഞിരുന്നു. രാപ്പകല്‍ സമരം 36ാം ദിവസത്തിലേക്ക് കടന്ന ദിവസമായ തിങ്കളാഴ്ച, പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായി ആശ വര്‍ക്കര്‍മാര്‍ സെക്രട്ടേറിയറ്റ് ഉപരോധിച്ചിരുന്നു. ഇതിനുപിന്നാലെ രാപ്പകല്‍ സമരവേദിയില്‍ ആശ വര്‍ക്കര്‍മാരെ അഭിസംബോധനചെയ്ത് സംസാരിക്കവെയാണ് സദാനന്ദന്‍ നിരാഹാരസമരം ആരംഭിക്കുന്നതിനെക്കുറിച്ച് സംസാരിച്ചത്.