ബെംഗളൂരു: പുരുഷന്മാർക്ക് മദ്യം സൗജന്യമായി നൽകണമെന്ന് കർണാടകയിലെ ജെഡിഎസ് എംഎൽഎ എം ടി കൃഷ്ണപ്പ നിയമസഭയിൽ. സ്ത്രീകൾക്ക് കർണാടക സർക്കാർ നിരവധി സൗജന്യങ്ങൾ നൽകുന്നുണ്ട്. ആണുങ്ങൾക്ക് ആഴ്ചയിൽ രണ്ടു കുപ്പി മദ്യമെങ്കിലും അനുവദിക്കണമെന്നായിരുന്നു എംഎൽഎയുടെ ആവശ്യം. സഹകരണ സംഘം വഴി മദ്യം വിതരണം ചെയ്യണം. മലയാളിയായ മന്ത്രി കെ ജെ ജോർജിനോടായിരുന്നു കൃഷ്ണപ്പയുടെ ആവശ്യം.
തിരഞ്ഞെടുപ്പ് ജയിച്ച് ഭരണം തിരിച്ചു പിടിച്ച ശേഷം നടപ്പിലാക്കിക്കോളൂവെന്നായിരുന്നു ജോർജിൻറെ മറുപടി. മദ്യ ഉപഭോഗം പരമാവധി കുറയ്ക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിർദേശം പ്രായോഗികമല്ലെന്ന് സ്പീക്കർ യു ടി ഖാദറും പ്രതികരിച്ചു. രണ്ട് കുപ്പി മദ്യം സൗജന്യമായി നൽകാനുള്ള നിർദ്ദേശം ബുദ്ധിമുട്ടാണ്. രണ്ടുകുപ്പി സൗജന്യമായി നൽകാൻ തുടങ്ങിയാൽ സ്ഥിതി എന്തായിരിക്കുമെന്ന് സങ്കൽപ്പിച്ചു നോക്കൂവെന്നും സ്പീക്കർ പറഞ്ഞു.’സ്പീക്കർ സാർ എന്നെ തെറ്റിദ്ധരിക്കരുത്, നിങ്ങൾ 2000 രൂപ സൗജന്യമായി നൽകുമ്പോൾ, സൗജന്യ വൈദ്യുതി നൽകുമ്പോൾ അത് നമ്മുടെ പണമാണ്, അല്ലേ?. അതുകൊണ്ട് മദ്യപാനികൾക്കും ആഴ്ചയിൽ രണ്ട് കുപ്പികൾ സൗജന്യമായി നൽകാൻ ആവശ്യപ്പെടുന്നത്. എല്ലാ മാസവും പണം അടയ്ക്കാൻ കഴിയില്ല, അല്ലേ? വെറും രണ്ട് കുപ്പികൾ. നമ്മുടെ പണമാണ് ശക്തി യോജനയ്ക്കും സൗജന്യ ബസിനും വൈദ്യുതിക്കും നൽകുന്നത്, അല്ലേ? പുരുഷന്മാർക്ക് ഓരോ ആഴ്ചയും രണ്ട് കുപ്പികൾ നൽകുന്നതിൽ എന്താണ് തെറ്റ് ?. സഹകരണ സംഘം വഴി സർക്കാർ വിതരണം ചെയ്യട്ടെ’, എന്നായിരുന്നു എം ടി കൃഷ്ണപ്പയുടെ വാക്കുകൾ.