ശശി തരൂര്‍ എംപിയുടെ മോദി സ്തുതിയില്‍ അതൃപ്തിയുമായി ആര്‍എസ്പി. സമീപകാലത്തെ തരൂരിന്റെ പരാമര്‍ശം യുഡിഎഫിനെ പ്രതിരോധത്തില്‍ ആക്കുന്നുവെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എംപി ട്വന്റിഫോറിലൂടെ തുറന്നടിച്ചു. കോണ്‍ഗ്രസ് പാര്‍ട്ടി ഇത്തരം കാര്യങ്ങളില്‍ നയപരമായ നിലപാടുകള്‍ വ്യക്തമാക്കണമെന്നും എന്‍കെ പ്രേമചന്ദ്രന്‍ പറഞ്ഞു.
ശശി തരൂര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചു നടത്തിയ പരാമര്‍ശം കോണ്‍ഗ്രസിനെ മാത്രമല്ല യുഡിഎഫ് ഘടകകക്ഷികളെയും പ്രതിരോധത്തില്‍ ആകുകയാണ്.തരൂരിന്റെ മോദി സ്തുതിയില്‍ ആര്‍എസ്പി അതൃപ്തി അറിയിച്ചു. തരൂരിന്റെ വ്യക്തിപരമായ നിലപാടായി കണ്ടാലും സമീപകാലത്തെ അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍ യുഡിഎഫിനെയും ഇന്ത്യ മുന്നണിയെയും പ്രതിരോധത്തിലാക്കുന്നുവെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എംപി പറഞ്ഞു.
തരൂരിനെതിരെ കോണ്‍ഗ്രസ് നേതാക്കളും തുറന്നടിച്ചു. പ്രതിയോഗികള്‍ക്ക് അടിക്കാന്‍ ആയുധം നല്‍കുന്നത് തരൂര്‍ ആവര്‍ത്തിക്കുന്നുവെന്ന് എംപി രാജ്മോഹന്‍ ഉണ്ണിത്താന്‍ ട്വന്റിഫോറിനോട് പറഞ്ഞു. രണ്ടുമൂന്നു ദിവസം കൂടി ക്ഷമിക്കും പിന്നീട് കാര്യങ്ങള്‍ വെട്ടി തുറന്നു പറയുമെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ തുറന്നടിച്ചു. തരൂരിന്റെ പരാമര്‍ശം മോദി സ്തുതിയായി പറയേണ്ട എന്നായിരുന്നു കെ മുരളീധരന്റെ പ്രതികരണം. അതേസമയം മോദിയെ പ്രശംസിച്ചതില്‍ ഉറച്ചുനില്‍ക്കുകയാണ് ശശി തരൂര്‍. രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് രാഹുല്‍ ഗാന്ധി പറഞ്ഞ അതേ കാര്യങ്ങളാണ് താനും പറഞ്ഞതെന്നാണ് ശശി തരൂരിന്റെ നിലപാട്. ഇതിനര്‍ത്ഥം കേന്ദ്രസര്‍ക്കാര്‍ നയങ്ങളോടെല്ലാം കോണ്‍ഗ്രസിന് യോജിപ്പാണെന്നല്ലെന്നും ശശി തരൂര്‍ ട്വന്റിഫോറിനോട് പറഞ്ഞു. ഇതില്‍ എന്താണ് വിവാദമാക്കാനുള്ളതെന്ന് തനിക്ക് മനസിലായിട്ടില്ലെന്നും ശശി തരൂര്‍ പറഞ്ഞു.
റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ പ്രധാനമന്ത്രി സ്വീകരിച്ച നിലപാട് ശരിയെന്നായിരുന്നു ചൊവ്വാഴ്ച തരൂരിന്റെ പ്രശംസ. ഇതിന് പിന്നാലെ കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ പ്രസ്താവനയില്‍ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. സമാധാനം ഉറപ്പിക്കാനുള്ള ശരിയായ നിലപാടാണ് പ്രധാനമന്ത്രി സ്വീകരിച്ചതെന്നും അന്ന് പാര്‍ലമെന്റില്‍ ഇത് സംബന്ധിച്ച വിമര്‍ശനം ഉന്നയിച്ചത് തിരുത്തേണ്ടി വരികയാണെന്നും റെയ്‌സിന ഡയലോഗില്‍ തരൂര്‍ പറഞ്ഞിരുന്നു.