കോട്ടയം: മലങ്കരസഭയുടെ ശാശ്വത സമാധാനത്തിന് തുരങ്കംവെക്കാൻ ബദൽ കാതോലിക്കയെ വാഴിച്ച് ഭാരതമണ്ണിൽ അശാന്തിയുടെ വിത്തുപാകാൻ ശ്രമിക്കുന്ന അന്ത്യോഖ്യൻ പാത്രിയർക്കീസിനോടും അതിനെ പിന്തുണക്കുന്ന സർക്കാർ, രാഷ്ട്രീയ നേതൃത്വങ്ങളോടുമുള്ള കടുത്ത അമർഷം രേഖപ്പെടുത്തി മലങ്കര ഓർത്തഡോക്സ് സഭ. ഇക്കാര്യം ചൂണ്ടിക്കാട്ടി ഓർത്തഡോക്സ് സഭ മാനേജിങ് കമ്മിറ്റി പ്രമേയം അവതരിപ്പിച്ചു. ദേവലോകം കാതോലിക്കേറ്റ് അരമനയിൽ ചേർന്ന യോഗത്തിൽ വൈദിക ട്രസ്റ്റി ഫാ. ഡോ. തോമസ് വർഗീസ് അമയിലാണ് പ്രതിഷേധ പ്രമേയം അവതരിപ്പിച്ചത്. അൽമായ ട്രസ്റ്റി റോണി വർഗീസ് ഏബ്രഹാം പിന്താങ്ങി.
പ്രമേയത്തിന്റെ പ്രസക്തഭാഗം ചുവടെ:
എ.ഡി 52ൽ പരിശുദ്ധ മാർത്തോമ ശ്ലീഹായാൽ സ്ഥാപിതമായ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ ഈ രാജ്യത്തിന്റെ ഭരണഘടനയോടും നിയമസംവിധാനങ്ങളോടുമുള്ള കൂറുംവിധേയത്വും പ്രഖ്യാപിച്ചാണ് എക്കാലവും നിലകൊണ്ടിട്ടുള്ളത്. ഈ സഭയെ വ്യവഹാരങ്ങളിലേക്ക് വലിച്ചിട്ടവർക്കുള്ള അവസാന വാക്കാണ് 2017 ജൂലൈ 3ലെ സുപ്രീംകോടതി വിധി. മലങ്കരസഭ ഒരു ട്രസ്റ്റാണെന്നും അത് എക്കാലവും നിലനിൽക്കുമെന്നും ആ ട്രസ്റ്റിൽ നിന്ന് ആർക്കും ഒന്നും വിഭജിച്ച് കൊണ്ടുപോകാൻ കഴിയില്ലെന്നും അസന്നിഗ്ധമായി കോടതി വ്യക്തമാക്കി. പരിശുദ്ധ അന്ത്യോഖ്യ പാത്രിയർക്കീസിന്റെ അധികാരം ഭാരതത്തിൽ അസ്തമയ ബിന്ദുവിലെത്തി എന്നതിന് കോടതി ആധികാരികത നൽകി. അതായത് ഒരു ശെമ്മാശ്ശനെ പോലും മലങ്കരയിൽ നിയമിക്കാനുള്ള അധികാരം പരിശുദ്ധ പാത്രിയർക്കീസ് ബാവക്ക് ഇല്ല.
കാര്യങ്ങൾ ഇങ്ങനെയാണെന്നിരിക്കെ സുപ്രീംകോടതി അറുതിവരുത്തിയ സമാന്തരഭരണത്തിന് വീണ്ടും തുടക്കമിടാൻ ശ്രമിക്കുകയാണ് വിഘടിത വിഭാഗം. സമാന്തര ഭരണത്തിലൂടെ നിലവിലെ സമാധാന അന്തരീക്ഷം തകർക്കുക എന്നതാണ് ഗൂഢലക്ഷ്യം. ഇതിന്റെ ഭാഗമായാണ് ലബനനിൽ മാർച്ച് 25ന് ബദൽ കത്തോലിക്കയെ വാഴിക്കാൻ ശ്രമിക്കുന്നത്. പരമോന്നത കോടതിയെയും ഭാരതത്തെയും വെല്ലുവിളിച്ച് നടത്തുന്ന ഈ നീക്കം രാജ്യത്തോടുള്ള അവഹേളനമാണ്.
മലങ്കര സഭയിലെ വിഘടിത വിഭാഗം പാത്രിയർക്കീസിനെ കൂട്ടുപിടിച്ച് നടത്തുന്ന ഈ സമാന്തരഭരണ നീക്കത്തിന് സംസ്ഥാന സർക്കാരും പ്രതിപക്ഷവും പിന്തുണ നൽകുന്നുവെന്നത് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭാവിശ്വാസികളെ ഒന്നടങ്കം ഞെട്ടിക്കുന്നു. നിയമവിരുദ്ധമായ കാര്യത്തിന് കേരളത്തിന്റെ നിയമമന്ത്രി തന്നെ കാർമികനാകുന്നത് നിസാരമായി കാണാനാകില്ല. സുപ്രീംകോടതി നിരോധിച്ച സമാന്തരഭരണത്തിന് വളമേകാനാണ് പൊതുജനത്തിന്റെ നികുതിപ്പണം ഉപയോഗിച്ച് 7 സർക്കാർ പ്രതിനിധികൾ ലബനനിലേക്ക് വിനോദസഞ്ചാരം നടത്തുന്നത്. കേവലം എറണാകുളം എന്ന ജില്ലയിലെ മാത്രം വോട്ട്ബാങ്ക് ലക്ഷ്യം വെച്ച് നടത്തുന്ന ഈ പ്രീണനരാഷ്ട്രീയം കേരളം തിരിച്ചറിയും. രാഷ്ട്രീയ പാർട്ടികളോടുള്ള സമദൂരം അവസാനിപ്പിക്കാൻ ഈ സഭ തീരുമാനിച്ചാൽ ചിലർ വീഴും, മറ്റുചിലർ വാഴുമെന്ന കാര്യം ഓർത്താൽ നന്ന്.
വിദേശ ആധിപത്യത്തിന്റെ അടിമനുകത്തെ കൂനൻ കുരിശ് സത്യത്തിലൂടെ പൊട്ടിച്ചെറിഞ്ഞ സ്വാതന്ത്ര്യസമര – വിശ്വാസികളാണ് മലങ്കരസഭയുടെ പൂർവസൂരികൾ. അവർ തെളിച്ച വിശ്വാസത്തിന്റെ കെടാവിളക്ക് ഞങ്ങൾ ഹൃദയത്തിൽപ്പേറും. ഈ സഭയുടെ സ്വാതന്ത്ര്യത്തെയും അസ്ഥിത്വത്തെയും ഒരു ഭീഷണിക്ക് മുന്നിലും അടിയറവ് വെക്കില്ല. മലങ്കരയിൽ സമാന്തരഭരണത്തിന് കോപ്പുകൂട്ടുന്നവരും ഭരണഘടനയെത്തൊട്ട് സത്യം ചെയ്തവരും ഭരണഘടനാവിരുദ്ധ പ്രവർത്തനത്തിന് കൂട്ടുനിൽക്കുന്നതിലുള്ള ശക്തമായ പ്രതിഷേധം മാനേജിങ് കമ്മിറ്റി രേഖപ്പെടുത്തി.