തിരുവനന്തപുരം: പി.രാജുവിന്റെ മരണത്തിലെ വിവാദ പ്രസ്താവനയില്‍ സിപിഐ അച്ചടക്ക നടപടിയെ വെല്ലുവിളിച്ച് മുതിർന്ന നേതാവ് കെ.ഇ ഇസ്മയില്‍.തന്‍റെ നിലപാട് അഴിമതിക്ക് എതിരാണെന്നും. പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്നും ഇസ്മയില്‍ വ്യക്തമാക്കി.ചില നേതൃത്വംവരുമ്പോൾ അങ്ങനെയൊക്കെ ഉണ്ടാകുമെന്നും ജീവിതാവസാനം വരെ കമ്മ്യൂണിസ്റ്റായി തുടരുമെന്നും കെ.ഇ.ഇസ്മയിൽ പറഞ്ഞു.
ആറ് മാസത്തേക്കാണ് കെ.ഇ ഇസ്മയിലിനെ സിപിഐ സസ്പെൻഡ് ചെയ്തത്. സംസ്ഥാന എക്സിക്യൂട്ടീവിലാണ് തീരുമാനം. പി. രാജുവിനെതിരെ സാമ്പത്തികക്രമക്കേട് പരാതി ഉയരുകയും ഇത് അന്വേഷിക്കാൻ പാർട്ടി ഒരു കമ്മീഷനെ നിയോഗിക്കുകയും ചെയ്തിരുന്നു. 75 ലക്ഷം രൂപയുടെ ക്രമക്കേട് നടത്തിയെന്നായിരുന്നു പരാതി. പിന്നീട്, 2.30 കോടിയുടെ ക്രമക്കേട് നടന്നതായി കമ്മീഷൻ കണ്ടെത്തി. വിഷയം പരിശോധിക്കാൻ മൂന്നംഗ കമ്മിറ്റിയെ ചുമതലപ്പെടുത്തുകയും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ രാജുവിനെ സസ്‌പെൻഡ് ചെയ്യുകയുമായിരുന്നു. എന്നാൽ ഇതിനെതിരെ കെ.ഇ ഇസ്മയിൽ രംഗത്തെത്തുകയായിരുന്നു.