ന്യൂഡല്‍ഹി: കൂടിക്കാഴ്ചയ്ക്ക് കേരള ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് സമയം തേടിയത് അറിഞ്ഞില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദ. മന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. അടുത്തയാഴ്ച മന്ത്രിയെ കാണുമെന്നും നദ്ദ പറഞ്ഞു.
ആശ വര്‍ക്കര്‍മാരുടെ സമരത്തിന്റെ പശ്ചാത്തലത്തില്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ കേന്ദ്രമന്ത്രിയുടെ സമയം തേടി മന്ത്രി വീണാ ജോര്‍ജ് കത്തയച്ചിരുന്നു. ചൊവ്വ, ബുധന്‍ ദിവസങ്ങളിലായിരുന്നു കത്ത് നല്‍കിയത്. ക്യൂബന്‍ ഉപപ്രധാനമന്ത്രിയെ കാണാന്‍ ഡല്‍ഹിയില്‍ എത്തിയ വീണാ ജോര്‍ജ് ജെ പി നദ്ദയെ കാണാന്‍ ശ്രമം നടത്തിയെങ്കിലും അനുമതി ലഭിച്ചിരുന്നില്ല. ഇത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചു. കേന്ദ്രമന്ത്രിയെ കാണാന്‍ മന്ത്രി വീണാ ജോര്‍ജ് മുന്‍കൂര്‍ അനുമതി തേടിയില്ലെന്ന ആക്ഷേപം ഉയര്‍ന്നു.ഇതിന് പിന്നാലെ പ്രതികരണവുമായി മന്ത്രി രംഗത്തെത്തി. തന്റെ ഡല്‍ഹി യാത്രയുടെ ഉദ്ദേശങ്ങളെക്കുറിച്ചോ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ചോ ഒരു മാധ്യമത്തോടും താന്‍ സംസാരിച്ചിട്ടില്ലെന്നും ആരും തന്നോട് ഒന്നും ചോദിച്ചിട്ടില്ലെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.’ഒരാഴ്ചക്കുള്ളില്‍’ കേന്ദ്ര ആരോഗ്യ മന്ത്രിയെ നേരിട്ട് കാണും എന്നാണ് തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ താന്‍ പറഞ്ഞത്. ഡല്‍ഹിയില്‍വെച്ച് മാധ്യമങ്ങളെ കണ്ടപ്പോഴും കേന്ദ്രമന്ത്രിയുടെ സൗകര്യം അനുസരിച്ച് വീണ്ടും കാണാന്‍ ശ്രമിക്കും എന്നാണ് വ്യക്തമാക്കിയതെന്നും മന്ത്രി വിശദീകരിച്ചു.
ആശമാരുടെ വിഷയത്തില്‍ ആദ്യമായല്ല താന്‍ കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രിയെ കാണുന്നതെന്നും ആറ് മാസം മുന്‍പ് താന്‍ കേന്ദ്ര മന്ത്രിയെ കണ്ടപ്പോള്‍ ആശമാരുടെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി. ഒരു കേന്ദ്ര സ്‌കീമിലെ പ്രവര്‍ത്തകര്‍ സമരം നടത്തുന്നതിന്റെ പശ്ചാത്തലത്തില്‍ നില്‍ക്കുമ്പോള്‍ ഒരു സംസ്ഥാന മന്ത്രി ഡല്‍ഹിയിലെത്തുമ്പോള്‍ കേന്ദ്രമന്ത്രിയെ കാണാന്‍ അനുവാദം തേടുന്നതാണോ തെറ്റ്? അതോ അത് നല്‍കാതിരിക്കുന്നതാണോ എന്നും മന്ത്രി ചോദിച്ചിരുന്നു.