ന്യൂഡല്‍ഹി : രണ്ടര വര്‍ഷത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശ സന്ദര്‍ശനങ്ങള്‍ക്കായി ചെലവായത് തുകയുടെ കണക്കുപുറത്തുവിട്ട് വിദേശകാര്യ സഹമന്ത്രി പബിത്ര മാര്‍ഗരിറ്റ. 2022 മേയ് മുതല്‍ 2024 ഡിസംബര്‍ വരെയുള്ള കാലയളവില്‍ നടത്തിയ വിദേശ സന്ദര്‍ശനത്തിനായി 258 കോടി രൂപയാണ് മോദിക്കായി ചിലവിട്ടത്.
രണ്ടര വര്‍ഷക്കാലയളവില്‍ മോദി നടത്തിയ വിദേശ യാത്രകളില്‍, 2023 ജൂണില്‍ നടത്തിയ അമേരിക്കന്‍ സന്ദര്‍ശനമായിരുന്നു ഏറ്റവും ചെലവേറിയത്. ഇതിനു മാത്രമായി 22 കോടിയിലധികം രൂപ ചെലവിടേണ്ടി വന്നതായാണ് കണക്ക്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ ചോദ്യത്തിന് പബിത്ര മാര്‍ഗരിറ്റ രാജ്യസഭയില്‍ അറിയിച്ചതാണ് ഇക്കാര്യം. ഹോട്ടല്‍ താമസം, ഗതാഗതം, സ്വീകരണങ്ങള്‍, മറ്റ് അനുബന്ധ ചെലവുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള ചിലവായിരുന്നു ഖര്‍ഗെ ആവശ്യപ്പെട്ടത്.
2022ല്‍ ഡെന്മാര്‍ക്ക്, ഫ്രാന്‍സ്, യുഎഇ, ഉസ്ബക്കിസ്ഥാന്‍, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളാണ് പ്രധാനമന്ത്രി സന്ദര്‍ശിച്ചത്. 2023-ല്‍ ഓസ്ട്രേലിയ, ഈജിപ്ത്, ദക്ഷിണാഫ്രിക്ക, ഗ്രീസ് എന്നീ രാജ്യങ്ങളും സന്ദര്‍ശിച്ചു. 2023 മേയ് മാസത്തില്‍ പ്രധാനമന്ത്രിയുടെ ജപ്പാന്‍ സന്ദര്‍ശനത്തിന് 17,19,33,356 രൂപയും, 2024 സെപ്റ്റംബറിലെ യുഎസ് സന്ദര്‍ശനത്തിന് ചെലവായത് 15,33,76,348 രൂപയും 2024ലെ പോളണ്ട് സന്ദര്‍ശനത്തിന് 10,10,18,686 രൂപയും ചിലവായി.