വെച്ചൂച്ചിറ (പത്തനംതിട്ട): ആശ വർക്കർമാര്‍ക്ക് പ്രതിമാസം 2,000 രൂപ അധികവേതനവും ഇൻഷുറൻസും പ്രഖ്യാപിച്ച് വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് ബജറ്റ്. വൈസ് പ്രസിഡന്റ് പൊന്നമ്മ ചാക്കോ അവതരിപ്പിച്ച ബജറ്റിലാണ് ആശ പ്രവർത്തകരോട് അനുകമ്പ പ്രഖ്യാപിച്ചത്.
വേതനവര്‍ധന ആവശ്യപ്പെട്ട് ഒരുവിഭാഗം ആശ പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ നിരാഹാര സമരം അടക്കം നടത്തിവരവേ, ഒരു ഗ്രാമപഞ്ചായത്ത് അവരുടെ ആനുകൂല്യത്തില്‍ വര്‍ധന ഏറ്റെടുത്ത് പ്രഖ്യാപിക്കുന്നത് സംസ്ഥാനത്ത് ആദ്യമാണെന്ന് പ്രസിഡന്റ് ടി.കെ. ജെയിംസ് പറഞ്ഞു.
ആശമാരെ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്താനും ഇതിനാവശ്യമായ പ്രീമിയം തുക നല്‍കാനും ബജറ്റ് നിര്‍ദേശമുണ്ട്. രണ്ട് ജോടി യൂനിഫോമും ഇവര്‍ക്ക് നല്‍കും. ആശമാരുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് അഞ്ചു ലക്ഷം രൂപ ബജറ്റില്‍ നീക്കിവെച്ചു.
15 ആശമാരാണ് വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് പരിധിയിലുള്ളത്. വേതനവര്‍ധന പഞ്ചായത്ത് ഏറ്റെടുക്കുമ്പോള്‍ പ്രതിവര്‍ഷം 3.60 ലക്ഷം രൂപയുടെ ബാധ്യതയാണ് വരുന്നതെന്ന് പ്രസിഡന്റ് ചൂണ്ടിക്കാട്ടി.
കോവിഡ്കാലത്ത് അടക്കം പഞ്ചായത്തുമായി സഹകരിച്ച് പ്രവര്‍ത്തിച്ച ആശമാരെ തഴയാന്‍ പാടില്ലെന്നും അവര്‍ക്കാവശ്യമായ ജീവിത സാഹചര്യം ഒരുക്കേണ്ടത് പഞ്ചായത്തിന്റെ കൂടി കടമയാണെന്നും ടി.കെ. ജെയിംസ് ചൂണ്ടിക്കാട്ടി.