Thursday, March 27, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsവാര്‍ഷികാഘോഷ ആര്‍ഭാടവും ആഘോഷവും കുറച്ചാൽ ആശാ വര്‍ക്കര്‍മാര്‍ക്കുള്ള പണം കണ്ടെത്താമെന്ന് സുധാകരൻ

വാര്‍ഷികാഘോഷ ആര്‍ഭാടവും ആഘോഷവും കുറച്ചാൽ ആശാ വര്‍ക്കര്‍മാര്‍ക്കുള്ള പണം കണ്ടെത്താമെന്ന് സുധാകരൻ

തിരുവനന്തപുരം: സാമ്പത്തിക ഞെരുക്കത്തിന്റെ പേരിലാണ് ആശാ വര്‍ക്കര്‍മാരുടെയും അങ്കണവാടി ജീവനക്കാരുടെയും ഓണറേറിയം കൂട്ടാന്‍ സര്‍ക്കാര്‍ വിസമ്മതിക്കുന്നതെങ്കില്‍ അത്രയും തുക കണ്ടെത്താനുള്ള വഴികള്‍ താന്‍ നിര്‍ദേശിക്കാമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ഏപ്രില്‍ മെയ് മാസങ്ങളിൽ നടത്താനിരിക്കുന്ന സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷ ആര്‍ഭാട പരിപാടികള്‍ ഉപേക്ഷിക്കുകയോ വെട്ടിച്ചുരുക്കുകയോ ചെയ്താല്‍ ഇവര്‍ക്ക് നല്കാനുള്ള പണം അനായാസം ലഭിക്കും. 

9 വര്‍ഷം ഭരിച്ചിട്ട് യാതൊരു നേട്ടവും ഇല്ലാത്ത പിണറായി സര്‍ക്കാര്‍ കോടികള്‍ ചെലവിട്ട് പിആര്‍ പ്രവര്‍ത്തനത്തിലൂടെ നേട്ടമുണ്ടെന്ന് വരുത്തിതീര്‍ക്കാനാണ് ശ്രമിക്കുന്നത്. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ കൈവരിച്ച നേട്ടങ്ങളുടെ ഇത്തിള്‍ക്കണ്ണി മാത്രമാണ് പിണറായി സര്‍ക്കാര്‍. കഴിഞ്ഞ വാര്‍ഷികത്തോട് അനുബന്ധിച്ചു നടത്തിയ കേരളീയത്തിന് 24 കോടിയും നവകേരള സദസിന് 42 കോടിയും ചെലവായെന്നാണ് ഏകദേശ കണക്ക്. ഇത്തവണയും  ഇതൊക്കെ തന്നെയാണ് നടത്തുന്നത്. വിഐപികള്‍ക്ക് സര്‍ക്കാര്‍ ചെലവില്‍ സമൃദ്ധമായ ഭക്ഷണവുമുണ്ട്. 

26,125 ആശാവര്‍ക്കര്‍മാരും 33,114 അങ്കന്‍വാടികളിലെ ജീവനക്കാരും ഒഴിഞ്ഞ മടിയശീലയും വിശക്കുന്ന വയറുമായി സെക്രട്ടേറിയറ്റിനു മുന്നില്‍ നരകിക്കുമ്പോള്‍ പിണറായി എമ്പ്രാനല്ലാതെ മറ്റാര്‍ക്കാണ് ആഘോഷം നടത്താന്‍ കഴിയുകയെന്ന് സുധാകരന്‍ ചോദിച്ചു. മുഖ്യമന്ത്രിക്കു മാത്രമായി എടുത്തിട്ടിരിക്കുന്ന ഹെലികോപ്റ്റര്‍ മടക്കിക്കൊടുത്താല്‍ പ്രതിമാസം 80 ലക്ഷം രൂപ ലാഭിക്കാം. 

മുഖ്യമന്ത്രിക്കും ബിജെപിക്കും ഇടയില്‍ പാലം പണിയുന്ന പ്രഫ കെവി തോമസിനെ പറഞ്ഞുവിട്ടാല്‍ 11.31 ലക്ഷം രൂപയാണ് ലാഭം. 20 പിഎസ് സി അംഗങ്ങളുടെ കുത്തനേ കൂട്ടിയ 3.87 ലക്ഷം രൂപയുടെ  വേതനം  പഴയതുപോലെ  2.24 ലക്ഷത്തിലാക്കിയാല്‍ 30 ലക്ഷം  രൂപ വര്‍ക്കര്‍മാര്‍ക്ക് നല്കാം.  മുഖ്യമന്ത്രിയുടെ വാഹനവ്യൂഹങ്ങളുടെയും  സുരക്ഷാഉദ്യോഗസ്ഥരുടെയും എണ്ണം കുറച്ചാല്‍ തന്നെ ലക്ഷങ്ങള്‍ ലാഭിക്കാമെന്ന് സുധാകരന്‍ ചൂണ്ടിക്കാട്ടി.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com