വാഷിംഗ്ടൺ: എഫ്-1 അപേക്ഷകരുടെ അപേക്ഷകൾ കൂട്ടമായി തള്ളി യുഎസ്. 2023 ഒക്ടോബർ മുതൽ 2024 സെപ്റ്റംബർ വരെയുള്ള കാലയളവിൽ ഇത്തരത്തിലുള്ള 41 ശതമാനം വിദേശ വിദ്യാർഥികളുടെ വിസകളാണ് യുഎസ് ഭരണകൂടം തള്ളിയതെന്നാണ് റിപ്പോര്‍ട്ടുകൾ വ്യക്തമാക്കുന്നത്. 10 വർഷത്തിനിടെയുണ്ടായ ഏറ്റവും ഉയർന്ന നിരക്കാണിത്.
2023-24 വർഷത്തിൽ എഫ് – 1 വിസക്കായി 6.79 ലക്ഷം അപേക്ഷകളാണ് വന്നത്. അതിൽ 2.79 ലക്ഷം അപേക്ഷകളും തള്ളിക്കളഞ്ഞു. 2022-23 വർഷത്തിൽ 6.99 ലക്ഷം അപേക്ഷകളാണ് ലഭിച്ചപ്പോൾ അതിൽ 2.53 ലക്ഷം അപേക്ഷകൾ തള്ളിയെന്നും റിപ്പോര്‍ട്ടുകൾ വ്യക്തമാക്കുന്നു. അതേസമയം, അപേക്ഷ നിരസിക്കപ്പെട്ടവർ ഏതു രാജ്യങ്ങളിൽ നിന്നുള്ളവരാണെന്ന പട്ടിക പുറത്ത് വന്നിട്ടില്ല.
കോവിഡിന് മുമ്പുള്ള കാലങ്ങളിൽ അപേക്ഷകളുടെ എണ്ണത്തിൽ ഗണ്യമായ രീതിയിൽ വർധനവ് വന്നിരുന്നു. 2023-24 വർഷമായതോടെ അപേക്ഷകരുടെ എണ്ണം കുറഞ്ഞു തുടങ്ങി. 2023-24 വർഷത്തിൽ 4.01 ലക്ഷം എഫ്-1 വിസകളാണ് യുഎസ് അനുവദിച്ചത്. അതിനു തൊട്ടുമുമ്പുള്ള വർഷം 4.45 ലക്ഷം എഫ് 1 വിസകളും ഇഷ്യൂ ചെയ്തു. യുഎസിലെ അക്കാദമിക സ്ഥാപനങ്ങളിൽ പഠനം നടത്താൻ വിദേശ വിദ്യാർഥികൾക്ക് നൽകുന്ന കുടിയേറ്റ ഇതര വിസയാണ് എഫ്-1 വിസ. പ്രതിവർഷം അനുവദിക്കുന്ന വിദ്യാർഥി വിസയിൽ 90 ശതമാനവും എഫ് 1 വിസ തന്നെയാണ്.