പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. ആലത്തൂർ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രതിയായ ചെന്താമരയ്ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുന്നതരത്തിലാണ് കുറ്റപത്രം തയ്യാറാക്കിയതെന്ന് ആലത്തൂർ ഡിവൈഎസ്പി എൻ മുരളീധരൻ വ്യക്തമാക്കി.
കുടുംബം തകരാൻ കാരണമായിയെന്നതിൻ്റെ വൈരാഗ്യത്തിലാണ് ചെന്താമര സുധാകരനെ കൊലപ്പെടുത്തിയതെന്ന് കുറ്റപത്രത്തിൽ പറയുന്നു. സുധാകരന്റെ നിലവിളി കേട്ട് ഓടിയെത്തിയ ലക്ഷ്മിയേയും കൊലപ്പെടുത്തി. ശാസ്ത്രീയ തെളിവുകൾ ഉൾപ്പെടെ 60 ലധികം രേഖകൾ സമർപ്പിച്ചിട്ടുണ്ട്. ആലത്തൂർ ഡിവൈഎസ്പി എൻ മുരളീധരൻ ഉൾപ്പെടെ 133 സാക്ഷികളെയാണ് കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഇക്കഴിഞ്ഞ ജനുവരി 27നാണ് പോത്തുണ്ടി ബോയില്‍ നഗര്‍ സ്വദേശികളായ സുധാകരനെയും അമ്മ ലക്ഷ്മിയെയും ചെന്താമര വെട്ടി കൊലപ്പെടുത്തിയത്. സ്‌കൂട്ടറില്‍ വരികയായിരുന്ന സുധാകരനെ വടിയില്‍ വെട്ടുകത്തിവെച്ചുകെട്ടി വെട്ടിവീഴ്ത്തുകയായിരുന്നു. സമീപത്ത് ആരുമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമായിരുന്നു ആക്രമണം. ശബ്ദം കേട്ട് ഇറങ്ങിവന്ന ലക്ഷ്മിയെയും ചെന്താമര വെട്ടി. സുധാകരന്‍ സംഭവ സ്ഥലത്തുവെച്ച് തന്നെ മരിച്ചു. ലക്ഷ്മിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.2019 ല്‍ സുധാകരന്റെ ഭാര്യ സജിതയേയും ചെന്താമര കൊലപ്പെടുത്തിയിരുന്നു. ചെന്താമരയുടെ ഭാര്യ പിണങ്ങിപോകാന്‍ കാരണം സുധാകരനും സജിതയുമാണെന്ന് പറഞ്ഞായിരുന്നു കൊലപാതകം. വീട്ടില്‍ അതിക്രമിച്ച് കയറിയ ചെന്താമര സജിതയെ കഴുത്തറുത്ത് കൊല്ലുകയായിരുന്നു. ഭാര്യ പിണങ്ങിപ്പോയതിന് കാരണം നീണ്ട മുടിയുള്ള സ്ത്രീയാണെന്ന മന്ത്രവാദിയുടെ വാക്കുകള്‍ വിശ്വസിച്ചാണ് അന്ധവിശ്വാസിയായ ചെന്താമര സജിതയെ കൊലപ്പെടുത്തിയത്. സജിത കൊലക്കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ശേഷമായിരുന്നു സുധാകരനേയും അമ്മയേയും ചെന്താമര വെട്ടിക്കൊന്നത്.