ലെബനൻ താഴ്‌വരകളെ സാക്ഷിയാക്കി യാക്കോബായ സഭയ്ക്ക് പുതിയ ഇടയൻ. പുതിയ കാതോലിക്കയായി ഡോ ജോസഫ് മാർ ഗ്രിഗോറിയോസ് സ്ഥാനമേറ്റു. ബസേയിലോസ് ജോസഫ് കാതോലിക്ക എന്നാകും ഇനി സ്ഥാനപ്പേര്. അന്തോഖ്യ സിംഹാസന പാരമ്പര്യം ഉയർത്തിപ്പിടിച്ച് മുന്നോട്ട് പോകുമെന്ന് സഭയോടുള്ള വിധേയത്വം പ്രഖ്യാപിച്ച് ശ്രേഷ്ഠ കാതോലിക്ക ബാവ വ്യക്തമാക്കി.
ബെയ്റൂത്തിലെ അച്ചാനെ സെന്റ് മേരീസ് കത്തീഡ്രൽ പള്ളിയിൽ ഇഗ്നാത്തിയോസ് അപ്രേം രണ്ടാമൻ പാത്രിയർക്കീസ് ബാവയുടെ മുഖ്യ കാർമികത്വത്തിലായിരുന്നു സ്ഥാനാരോഹണ ചടങ്ങുകൾ. കേന്ദ്ര സംസ്ഥാന സർക്കാരിന്റെ പ്രതിനിധി സംഘത്തേയും 700ലധികം വരുന്ന വിശ്വാസി സമൂഹത്തെയും സാക്ഷിയാക്കിയാണ് ജോസഫ് മാര്‍ ഗ്രിഗോറിയോസിന്റെ സ്ഥാനാരോഹണം നടന്നത്. കാത്തിരുന്ന പുണ്യനിമിഷം വന്നെത്തിയ സന്തോഷത്തിലാണ് വിശാസികൾ.