കണ്ണൂർ : മുൻ എഡിഎം കെ.നവീൻബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രത്യേക അന്വേഷണസംഘം (എസ്ഐടി) ഈയാഴ്ച കണ്ണൂർ ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ കുറ്റപത്രം സമർപ്പിക്കും. കണ്ണൂർ റേഞ്ച് ഡിഐജി ജി.എച്ച്.യതീഷ് ചന്ദ്ര, സിറ്റി പൊലീസ് കമ്മിഷണർ പി.നിധിൻരാജ്, അസി.കമ്മിഷണർ ടി.കെ.രത്നകുമാർ, ടൗൺ സിഐ ശ്രീജിത് കൊടേരി എന്നിവരടങ്ങിയ എസ്ഐടി രണ്ടുദിവസത്തിനകം അവസാനവട്ട യോഗം ചേർന്ന ശേഷമാകും കുറ്റപത്രം സമർപ്പിക്കുക.
ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനു സമർപ്പിച്ചിരുന്ന കേസ് ഡയറി തിരികെ ലഭിച്ചതോടെയാണ് കുറ്റപത്രം സമർപ്പിക്കാനുള്ള നീക്കം വേഗത്തിലായത്. ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി.ദിവ്യ മാത്രമാണു നിലവിൽ പ്രതി. കണ്ണൂരിൽനിന്നു പത്തനംതിട്ടയിലേക്കു സ്ഥലംമാറ്റം ലഭിച്ചപ്പോൾ കലക്ടറേറ്റിൽ നവീൻബാബുവിനു നൽകിയ യാത്രയയപ്പ് യോഗത്തിൽ ക്ഷണിക്കാതെയെത്തി ദിവ്യ നടത്തിയ പ്രസംഗമാണു മരണത്തിനു കാരണമെന്നാണ് പൊലീസ് കണ്ടെത്തൽ.