പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന എമ്പുരാന് ആശംസകൾ നേർന്ന് മമ്മൂട്ടി. സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു മമ്മൂട്ടിയുടെ ആശംസ. മാർച്ച് 27നാണ് എമ്പുരാൻ തിയേറ്ററുകളിലെത്തുന്നത്. പ്രിഥിരാജിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തിൽ മോഹൻ ലാൽ, മഞ്ജുവാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരന്‍, സുരാജ് വെഞ്ഞാറമൂട്,സായ്കുമാർ തുടങ്ങി വമ്പൻ താരനിര തന്നെയാണ് അണിനിരക്കുന്നത്.
”ചരിത്ര വിജയം സൃഷ്ടിക്കാനൊരുങ്ങുന്ന എമ്പുരാന്‍ സിനിമയിലെ മുഴുവന്‍ അഭിനേതാക്കള്‍ക്കും അണിയറപ്രവര്‍ത്തകര്‍ക്കും ആശംസകള്‍ അറിയിക്കുന്നു. ലോകത്തിലെ എല്ലാ അതിര്‍ത്തികളും ഭേദിച്ച് മലയാള സിനിമാ വ്യവസായത്തിന് ആകമാനം അഭിമാനമാകുന്ന ചിത്രമാകുമെന്ന് പ്രതീക്ഷിക്കുന്നു. മോഹന്‍ലാലിനും പൃഥ്വിരാജിനും എല്ലാ പിന്തുണയും ആശംസയും അറിയിക്കുന്നു”-എന്നാണ് മമ്മൂട്ടി ഫേസ്ബുക്കിൽ പങ്കുവെച്ചത്.
മലയാളത്തിലെ തന്നെ ആദ്യ ഐമാക്സ് ചിത്രം കൂടിയാണ് എമ്പുരാൻ. ബുക്കിങ് ആരംഭിച്ച് ഒരു മണിക്കൂർ തികയും മുന്നേ 83,000ത്തിൽ കൂടുതൽ ടിക്കറ്റുകളാണ് എമ്പുരാന്റേതായി വിറ്റു പോയത്.ആശിർവാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷൻ, ശ്രീ ഗോകുലം മൂവീസ് എന്നിവരുടെ ബാനറിൽ ആന്റണി പെരുമ്പാവൂർ, സുഭാസ്ക്കരൻ, ഗോകുലം ഗോപാലൻ എന്നിവർ ചേർന്നാണ് മലയാളത്തിലെ ഏറ്റവും ബിഗ് ബജറ്റ് ചിത്രം നിർമിക്കുന്നത്. എമ്പുരാൻ സിനിമ കർണാടകയിൽ വിതരണത്തിനെത്തിക്കുന്നത് പ്രശസ്ത നിർമാണ കമ്പനിയായ ഹോംബാലെ ഫിലിംസ് ആണ്.