തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് പുതിയ മത്സ്യബന്ധന തുറമുഖം നിർമിക്കാൻ മന്ത്രിസഭാ യോഗം അനുമതി നൽകിയതായി മന്ത്രി വി.എൻ.വാസവൻ. വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ ഭാഗമായി പുതിയ മത്സ്യബന്ധന തുറമുഖം വികസിപ്പിക്കുന്നതിനും വിഴിഞ്ഞത്ത് നിലവിലുള്ള മത്സ്യബന്ധന തുറമുഖത്തിന്റെ പ്രവേശന കവാടത്തിന്റെ സന്തുലിതാവസ്ഥ മെച്ചപ്പെടുത്തുന്നതിനുള്ള ബ്രേക്ക് വാട്ടർ നിർമാണവും രണ്ടു പാക്കേജുകളായി നിർവഹിക്കും.
271 കോടി രൂപയുടേതാണ് പദ്ധതി. 235 മീറ്റർ നീളമുള്ള ബ്രേക്ക് വാട്ടർ, 500 മീറ്റർ നീളമുള്ള ഫിഷറി ബെർത്ത്, മറ്റ് അനുബന്ധ സൗകര്യങ്ങൾ എന്നിവ 146 കോടി രൂപ ചിലവഴിച്ചാണ് പാക്കേജ് ഒന്നിൽ നടപ്പിലാക്കുക. നിലവിലുള്ള ഫിഷിങ് ഹാർബറിന്റെ സിവേർഡ് ബ്രേക്ക് വാട്ടറിൽ നിന്നും 45 ഡിഗ്രി ചരിവിൽ 250 മീറ്റർ നീളമുള്ള ബ്രേക്ക് വാട്ടർ നിർമാണം 125 കോടി രൂപ ചെലവിൽ ഹാർബർ എന്‍ജിനീയറിങ് വകുപ്പ് മുഖേന ഡെപ്പോസിറ്റ് വർക്കായി പാക്കേജ് 2 ആയി നടപ്പിലാക്കും.