കൊച്ചി: തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലത്തിലെ വിജയം അംഗീകരിച്ചുകൊണ്ടുള്ള ഹൈക്കോടതി വിധിക്ക് പിന്നാലെ ഫേസ്ബുക്കില്‍ പ്രൊഫൈല്‍ ചിത്രം മാറ്റി കെ ബാബു എംഎല്‍എ. ക്യാപ്ഷനൊന്നും തന്നെയില്ലാത്ത ചിത്രത്തിന് താഴെ പിന്തുണയര്‍പ്പിച്ച് നിരവധി പേര്‍ രംഗത്തെത്തി. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വന്ന വിധി യുഡിഎഫിന് ആവേശമാണെന്നും സത്യം ജയിച്ചെന്നും നിരവധി പേര്‍ കമന്റ് ചെയ്തു.
അനുകൂല വിധി വന്നതോടെ ഡിസിസി പ്രസിഡന്റിന്റെ നേതൃത്വത്തില്‍ നേതാക്കളും പ്രവര്‍ത്തകരും കെ ബാബുവിന്റെ വീട്ടിലെത്തി ആഹ്ലാദം പ്രകടിപ്പിച്ചു. തുടര്‍ന്ന് ലഡ്ഡുവിതരണവും ഉണ്ടായിരുന്നു. കേസ് കൃത്രിമമായി ഉണ്ടാക്കിയകതാണെന്നാണ് വിധിക്ക് ശേഷം കെ ബാബു പ്രതികരിച്ചത്. മണ്ഡലത്തില്‍ കെ ബാബുവിന്റെ തിരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന എം സ്വരാജ് നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്.
ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലെത്തി മൂന്ന് വര്‍ഷം പൂര്‍ത്തിയാകാനിരിക്കെയാണ് തിരഞ്ഞെടുപ്പ് കേസിലെ വിധി. അയ്യപ്പന്റെ ചിത്രം ഉപയോഗിച്ച് തിരഞ്ഞെടുപ്പില്‍ വോട്ട് പിടിച്ചത് ജനപ്രാതിനിധ്യ നിയമത്തിന് വിരുദ്ധമാണ് എന്നാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന എം സ്വരാജ് വാദിച്ചത്.
എന്നാല്‍ ബാബുവിനെതിരായ ആക്ഷേപം തെളിയിക്കാന്‍ കഴിഞ്ഞില്ലെന്ന് കോടതി വിലയിരുത്തി. വോട്ടര്‍മാര്‍ക്ക് മതചിഹ്നമുള്ള സ്ലിപ്പ് നല്‍കി എന്നതിന് തെളിവില്ല. സാക്ഷിമൊഴികള്‍ മാത്രമായി പരിഗണിക്കാന്‍ കഴിയില്ല. സാക്ഷിമൊഴിയെ സാധൂകരിക്കുന്ന തെളിവില്ലെന്നും കോടതി വ്യക്തമാക്കി.