നെതന്യാഹു: ഹമാസ് ബന്ദികളെ മോചിപ്പിക്കുന്നില്ലെങ്കിൽ ഗസ്സയുടെ ഒരു ഭാഗം പിടിച്ചെടുക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്‍റെ ഭീഷണി. ബന്ദികളെ വിട്ടയക്കാൻ വൈകും തോറും തിരിച്ചടി അതിശക്തമായിരിക്കുമെന്നും നെതന്യാഹു പറഞ്ഞു.
അമേരിക്കൻ നേതാക്കളുമായി ഇസ്രായേൽ മന്ത്രി റോൺ ഡെർമർ വാഷിങ്ടണിൽ ചർച്ച നടത്തുന്നതിനിടെയാണ് നെതന്യാഹുവിന്‍റെ പ്രതികരണം. ഈജിപ്ത് മുന്നോട്ടു വച്ച പുതിയ വെടിനിർത്തൽ നിർദേശത്തോട് അമേരിക്കയും ഇസ്രായേലും അന്തിമ നിലപാട് ഇനിയും വ്യക്തമാക്കിയിട്ടില്ല.
ഇന്നലെ രാത്രി ചേർന്ന സുരക്ഷാ വിഭാഗം നേതാക്കളുടെ യോഗത്തിൽ ഗസ്സയിൽ സൈനിക നടപടി കടുപ്പിക്കാൻ നെതന്യാഹു നിർദേശിച്ചതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതിന്‍റെ ഭാഗമായി ഗസ്സയിലെ വിവിധ പ്രദേശങ്ങളിൽനിന്ന് ഒഴിഞ്ഞുപോകാൻ ജനങ്ങൾക്ക് ഇസ്രായേൽ മുന്നറിയിപ്പ് നൽകി.
സെയ്തൂൻ, തെൽ അൽ ഹവാ തുടങ്ങിയ പ്രദേശങ്ങളിലുള്ളവർക്കാണ് മുന്നറിയിപ്പ് നൽകിയത്. ഗസ്സയിൽ നിന്ന് ബിർ ഷെബക്കുനേരെ ഹമാസ് പോരാളികൾ അയച്ച റോക്കറ്റുകൾ പ്രതിരോധിച്ചതായി ഇസ്രായേൽ സേന അറിയിച്ചു.