മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ ഉടന്‍ ഇന്ത്യ സന്ദര്‍ശിക്കുമെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ് അറിയിച്ചു. ‘പ്രസിഡന്റിന്റെ സന്ദര്‍ശനത്തിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം സ്ഥിരീകരിച്ചു. എന്നാല്‍, സന്ദര്‍ശനം എപ്പോഴാണെന്നത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ റഷ്യ പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ വര്‍ഷം റഷ്യ സന്ദര്‍ശിച്ച വേളയില്‍, പ്രധാനമന്ത്രി മോദി റഷ്യന്‍ പ്രസിഡന്റിനെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ക്ഷണിച്ചിരുന്നു.
‘തുടര്‍ച്ചയായ മൂന്നാം തവണയും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യയിലേക്കുള്ള തന്റെ ആദ്യ വിദേശ സന്ദര്‍ശനം നടത്തി. ഇനി നമ്മുടെ ഊഴമാണ്’ ലാവ്റോവ് പറഞ്ഞു. ‘പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ക്ഷണം സ്വീകരിച്ചു. റഷ്യന്‍ രാഷ്ട്രത്തലവന്റെ ഇന്ത്യാ സന്ദര്‍ശനം ആസൂത്രണം ചെയ്തുവരികയാണ്,’ ലാവ്റോവ് പറഞ്ഞു.
2022 ഫെബ്രുവരിയില്‍ യുക്രെയ്നിലെ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനുശേഷം പ്രസിഡന്റ് പുടിന്റെ ആദ്യ ഇന്ത്യാ സന്ദര്‍ശനമാണ് നടക്കാനിരിക്കുന്നത്. ഇന്ത്യയും റഷ്യയും തങ്ങളുടെ ഉഭയകക്ഷി വ്യാപാരം പ്രതിവര്‍ഷം 100 ബില്യണ്‍ ഡോളറിലധികം ഇരട്ടിയാക്കാന്‍ സമ്മതിച്ചിട്ടുണ്ട്. ഇതിനും സന്ദര്‍ശനം കരുത്തേകും. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം നിലവില്‍ പ്രതിവര്‍ഷം ഏകദേശം 60 ബില്യണ്‍ ഡോളറാണ്.