ന്യൂഡൽഹി: പ്രതിപക്ഷത്തിന്റെ എതിർപ്പും പാർലമെന്റ് സമിതിക്ക് വിടണമെന്ന ആവശ്യവും പരിഗണിക്കാത പുതിയ കുടിയേറ്റ, വിദേശി ബിൽ ലോക്സഭ പാസാക്കി. ദേശസുരക്ഷ, പരമാധികാരം, അഖണ്ഡത എന്നിവക്ക് പുറമെ മറ്റു വിദേശ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം, പൊതുജന ആരോഗ്യം, അല്ലെങ്കിൽ കേന്ദ്ര സർക്കാർ നിഷ്കർഷിച്ച മറ്റു കാരണങ്ങൾ എന്നിവ മുൻനിർത്തി ഒരു വിദേശിയുടെ ഇന്ത്യയിലേക്കുള്ള വരവ് തടയുന്ന ബിൽ ശബ്ദ വോട്ടോടെയാണ് വ്യാഴാഴ്ച സഭ പാസാക്കിയത്.
വ്യക്തിപരമായ നേട്ടത്തിനായി രാജ്യത്ത് അഭയം തേടുകയും അസ്ഥിരത സൃഷ്ടിക്കുകയും ചെയ്യുന്നവരുടെ എണ്ണം വർധിച്ചുവെന്ന് ബില്ലിൻമേൽ നടന്ന ചർച്ചയുടെ മറുപടി പ്രസംഗത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. രാജ്യത്തിന്റെ സുരക്ഷയെ അപകടപ്പെടുത്തുന്നവരെ സൂക്ഷ്മമായി നിരീക്ഷിക്കും. റോഹിങ്ക്യകളായാലും ബംഗ്ലാദേശികളായാലും അവർ അശാന്തി സൃഷ്ടിക്കാൻ ഇന്ത്യയിലെത്തിയാൽ കർശന നടപടിയെടുക്കും. രാജ്യം അഭയാർഥി കേന്ദ്രമല്ല. രാജ്യത്തിന്റെ വികസനത്തിന് സംഭാവന നൽകാൻ ആരെങ്കിലും ഇവിടെ വന്നാൽ അവരെ എപ്പോഴും സ്വാഗതം ചെയ്യുമെന്നും അമിത് ഷാ വ്യക്തമാക്കി.
1946ലെ വിദേശി നിയമം, 1920ലെ പാസ്പോര്‍ട്ട് നിയമം, 1939ലെ വിദേശികളുടെ രജിസ്ട്രേഷന് നിയമം, 2000ത്തിലെ ഇമിഗ്രേഷന്‍ നിയമം തുടങ്ങിയവക്ക് പകരമാണ് പുതിയ ഇമിഗ്രേഷന്‍ ആന്‍ഡ് ഫോറിനേഴ്സ് ബിൽ. രേഖകളില്ലാത്തവരെ കൊണ്ടുവരുന്ന വിമാനങ്ങൾക്കും വാഹനങ്ങൾക്കും അഞ്ചു ലക്ഷം രൂപ വരെ പിഴ ചുമത്തും. ടൂറിസ്റ്റ്, തൊഴിൽ, സ്റ്റുഡന്റ്സ്, അഭയാർഥികൾ എന്നിങ്ങനെ വരുന്ന വിദേശികളുടെ മുൻഗണന നിശ്ചയിക്കും. വിദേശികൾ എത്തുന്ന സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ എന്നിവക്ക് കൂടുതൽ ഉത്തരവാദിത്തം നൽകുന്നതാണ് ബിൽ. വിദേശികളെക്കുറിച്ച് അവ എമിഗ്രേഷൻ അധികൃതർക്ക് റിപ്പോർട്ട് ചെയ്യണം. വിദേശിയുടെ വരവിന് നിയമസാധുത നൽകേണ്ട ഉത്തരവാദിത്തം ഇതോടെ സർക്കാറിൽനിന്ന് വ്യക്തികളിലേക്കായി.