ലോകത്തിലെ ഏറ്റവും ധനികരായ 10 പേരുടെ പട്ടികയിൽ നിന്ന് റിലയാൻസ് ഗ്രൂപ്പ് ഉടമ മുകേഷ് അംബാനി പുറത്ത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ വരുമാനത്തിൽ ഗണ്യമായ ഇടിവ് വന്നതോടെയാണ് മുകേഷ് അംബാനി പട്ടികയിൽ നിന്ന് പുറത്തായത്. ഹുറുൻ ഗ്ലോബൽ റിച്ച് ലിസ്റ്റ് 2025 പ്രകാരം മുൻ വർഷത്തെ അപേക്ഷിച്ച് അംബാനിയുടെ സമ്പത്തിൽ ഒരു ലക്ഷം കോടി രൂപയുടെ കുറവ് ഉണ്ടായതായാണ് റിപ്പോർട്ട്.
കടബാധ്യത വർധിച്ചതായും റിപ്പോർട്ട് ഉണ്ട്. അതേസമയം ഏഷ്യയിലെ ഏറ്റവും വലിയ പണക്കാരൻ എന്ന സ്ഥാനം അംബാനി നിലനിർത്തിയിട്ടുണ്ട്. ലോകസമ്പന്നരിൽ ഇലോൺ മസ്‌ക് തന്നെയാണ് ഒന്നാം സ്ഥാനത്തുള്ളത്. മസ്‌കിന്റെ ആസ്തി 82% വർധിച്ച് 420 ബില്യൺ ഡോളറിലെത്തി.
ജെഫ് ബസോസ്, മാർക്ക് സക്കർബർഗ്, ജെൻസൻ ഹുവാങ് എന്നിവരാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ ഉള്ളത്. ഇതാദ്യമായി ലോകത്ത് ഏറ്റവും കോടീശ്വരന്മാരുള്ള രാജ്യം അമേരിക്കയിൽ നിന്ന് ചൈന കരസ്തമാക്കി. ഇന്ത്യയാണ് മുന്നാം സ്ഥാനത്ത്. ഇന്ത്യയിൽ ഈ വർഷം മാത്രം 13 പുതിയ ശതകോടീശ്വരന്മാർ കൂടി ലിസ്റ്റിൽ ഇടംപിടിച്ചു. ഇന്ത്യൻ ശതകോടീശ്വരന്മാരുടെ മൊത്തം സമ്പത്ത് 98 ട്രില്യൺ രൂപയാണ് ഇത് ഇന്ത്യയുടെ ജിഡിപിയുടെ ഏകദേശം മൂന്നിലൊന്നാണ്.
ഏഷ്യയിൽ ഏറ്റവും കൂടുതൽ കോടീശ്വരന്മാരുള്ളത് മുംബൈ നഗരത്തിലാണ്. 90 പേരാണ് ഇവിടെ നിന്നുള്ള ശതകോടീശ്വരന്മാർ. മുകേഷ് അംബാനി, ഗൗതം അദാനി, റോഷ്നി നാടാർ, ദിലീപ് ഷാങ്വി, അസിം പ്രേംജി, കുമാർ മംഗലം ബിർള, സൈറസ് പൂനവല്ല, നീരജ് ബജാജ്, രവി ജയ്പുരിയ, രാധാകിഷൻ ദമാനി എന്നിവരാണ് ആദ്യ സ്ഥാനങ്ങളിൽ ഉള്ള ഇന്ത്യക്കാർ.