ന്യൂഡല്‍ഹി: രാജ്യത്ത് അനധികൃത കുടിയേറ്റം നിയന്ത്രിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ച ഇമിഗ്രേഷന്‍ ആന്‍ഡ് ഫോറിനേഴ്‌സ് ബില്‍, 2025 ലോക്‌സഭ അംഗീകരിച്ചു. മതിയായ രേഖകളില്ലാതെ രാജ്യത്ത് തുടരുന്നവര്‍ക്ക് കര്‍ശനശിക്ഷയും പിഴയും വ്യവസ്ഥ ചെയ്യുന്ന നിയമമാണിത്. വിനോദസഞ്ചാരിയായോ വിദ്യാര്‍ഥിയായോ ഇന്ത്യയിലെത്തുന്നവര്‍ക്ക് സ്വാഗതമരുളാന്‍ എല്ലായ്‌പോഴും ഇന്ത്യ ഒരുക്കമാണെന്നും അതേസമയം രാജ്യസുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തുന്നവരെ കര്‍ശനമായി തന്നെ കൈകാര്യം ചെയ്യുമെന്നും ബില്‍ അവതരണവേളയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. ദുരുദ്ദേശ്യത്തോടെ ഇന്ത്യയിലെത്തുന്നവരെ മാത്രമേ നരേന്ദ്രമോദി സര്‍ക്കാര്‍ തടയുകയുള്ളുവെന്നും ഇന്ത്യ ഒരു അഗതി മന്ദിരമല്ലെന്നും അമിത് ഷാ പറഞ്ഞു. രാജ്യപുരോഗതിക്ക് സംഭാവന നല്‍കുന്നതിനായി എത്തുന്നവരെ എപ്പോഴും സ്വാഗതം ചെയ്യുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അനധികൃത കുടിയേറ്റക്കാരെ തടയുന്ന പുതിയ ബില്‍ രാജ്യത്തിന്റെ സുരക്ഷയെ ശക്തിപ്പെടുത്തുമെന്നും സമ്പദ്‌വ്യവസ്ഥയേയും വ്യാപാരത്തേയും അഭിവൃദ്ധിപ്പെടുത്തുമെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. കൂടാതെ ആരോഗ്യ, വിദ്യാഭ്യാസ മേഖലകള്‍ക്ക് ഉത്തേജനം പകരുമെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. ഇന്ത്യയിലെത്തുന്ന ഓരോ വിദേശപൗരന്റേയും കൃത്യമായ വ്യക്തിവിവരങ്ങള്‍ പുതിയ ബില്‍ നടപ്പാകുന്നതോടെ ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു