ദുബൈ: യു.എ.ഇ ദേശീയ കറൻസിയായ ദിർഹമിന് പുതിയ ചിഹ്നം രൂപപ്പെടുത്തി സെൻട്രൽ ബാങ്ക്. ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിരുള്ള രാജ്യത്തിന്‍റെ സ്ഥാനം ശക്തിപ്പെടുത്തുന്നതിനുള്ള പദ്ധതികളുടെ ഭാഗമായാണ് നീക്കം. ഇംഗ്ലീഷ് അക്ഷരമായ ‘ഡി’യിൽ പതാകയെന്ന് തോന്നിക്കുന്ന രണ്ട് വരകൾ ഉൾപ്പെടുത്തിയ രൂപത്തിലാണ് ആകർഷകമായ ലോഗോ രൂപകൽപന ചെയ്തിട്ടുള്ളത്.
തിരശ്ചീനമായ വരകൾ രാജ്യത്തിന്‍റെ സാമ്പത്തിക സുസ്ഥിരതയെ പ്രതിഫലിപ്പിക്കുന്നതാണ്. അറബിക് കലിഗ്രാഫിയുടെ ഘടകങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആഗോള വിപണിയിൽ യു.എ.ഇ ദിർഹമിനെ പ്രോൽസാഹിപ്പിക്കുന്നതിന് ലോഗോ ഉപയോഗപ്പെടുത്തും.
അതേസമയം, കറൻസിയുടെ ഡിജിറ്റൽ പതിപ്പായ ഡിജിറ്റൽ ദിർഹമിന്‍റെ ലോഗോയിൽ യു.എ.ഇ പതാകയുടെ നിറങ്ങൾ ഉൾക്കൊള്ളുന്ന ഒരു വൃത്താകൃതിയിലുള്ള രൂപകൽപനയും ഉണ്ടായിരിക്കും. 2023ൽ ആരംഭിച്ച ഫിനാൻഷ്യൽ ഇൻഫ്രാസ്ട്രക്ചർ ട്രാൻസ്‌ഫോർമേഷൻ (എഫ്.ഐ.ടി) പ്രോഗ്രാമിന്റെ പ്രധാന ഭാഗമായ ഡിജിറ്റൽ ദിർഹമിനെക്കുറിച്ചുള്ള അപ്‌ഡേറ്റുകളും സെനട്രൽ ബാങ്ക് പുറത്തിറക്കിയിട്ടുണ്ട്.