മ്യാൻമറിൽ വൻ ഭൂചലനം. റിക്ചർ സ്കെയിലിൽ 7.5 തീവ്രത രേഖപ്പെടുത്തി. 6.4 വരെ തീവ്രതയുള്ള ശക്തമായ തുടർചലനങ്ങളുമുണ്ടായി. ഉച്ചക്ക് 11.50 ഓടെയാണ് ഭൂമി കുലുങ്ങിയത്. മധ്യമ്യാൻമറാണ് പ്രഭവകേന്ദ്രം. ഭൂകമ്പത്തിന്‍റെ പ്രകമ്പനം ഡൽഹി വരെയെത്തി. മ്യാൻമറിലെ പ്രശസ്തമായ ആവ പാലം ഭൂചലനത്തിൽ തകർന്നതായാണ് റിപ്പോർട്ട്. തായ്‍ലാന്‍ഡിലും നാശനഷ്ടങ്ങളുണ്ടായതായാണ് റിപ്പോർട്ട്.
തായ്‌ലൻഡിന്‍റെ തലസ്ഥാനമായ ബാങ്കോക്കിൽ ശക്തമായ ഭൂചലനങ്ങൾ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മേഘാലയയിലും നിരവധി വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ബംഗ്ലാദേശിലും ചൈനയുടെ തെക്കുപടിഞ്ഞാറൻ യുനാൻ പ്രവിശ്യയിലും ശക്തമായ തുടർചലനങ്ങൾ അനുഭവപ്പെട്ടു. ശക്തമായ ഭൂകമ്പത്തിൽ ഏകദേശം 900 കിലോമീറ്റർ അകലെയുള്ള ബാങ്കോക്കിലെ ഒരു ബഹുനില കെട്ടിടം നിലംപരിശാവുകയും 40-ലധികം പേര്‍ അവിടെ കുടുങ്ങിക്കിടക്കുകയാണ്. ഭൂചലനത്തെ തുടര്‍ന്ന് ഭയചകിതരായ ആളുകൾ വീടുകളിൽ നിന്ന് പുറത്തേക്ക് ഓടിയിറങ്ങി. ഉയർന്ന കെട്ടിടങ്ങളിലുള്ള സ്വിമ്മിംഗ് പൂളുകളിൽ നിന്ന് വെള്ളം പുറത്തേക്ക് ഒഴുകി.
ബാങ്കോക്കിലെ ചതുചക് ജില്ലയിൽ നിർമാണത്തിലിരുന്ന ഒരു ബഹുനില കെട്ടിടം ഭൂകമ്പത്തെ തുടർന്ന് തകർന്നു. നിരവധി കെട്ടിടങ്ങൾ ഒഴിപ്പിച്ചു. വ്യാപാര സ്ഥാപനങ്ങൾ അടച്ചിട്ടു. തായ് തലസ്ഥാനത്ത് ആളപായമൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ബാങ്കോക്കിൽ മെട്രോ സർവീസുകൾ, വിമാനത്താവളം, സബ്‌വേകൾ എന്നിവ സർക്കാർ അടച്ചിട്ടതോടെ നഗരം അടച്ചുപൂട്ടലിലേക്ക് നീങ്ങി.”ഞാൻ വീട്ടിൽ ഉറങ്ങുകയായിരുന്നു, പിന്നെ പൈജാമ ധരിച്ച് കെട്ടിടത്തിന് പുറത്തേക്ക് പരമാവധി വേഗത്തില്‍ പരമാവധി ദൂരം ഓടി,” തായ്‌ലൻഡിലെ ചിയാങ് മായ് നിവാസിയായ ഒരാൾ എഎഫ്‌പിയോട് പറഞ്ഞു. കെട്ടിടങ്ങളും മാളുകളും ശക്തമായി കുലുങ്ങുന്നതും ആളുകൾ പരിഭ്രാന്തരായി തെരുവുകളിലേക്ക് ഓടുന്നതുമായുള്ള വീഡിയോകൾ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മ്യാൻമറിലെയും തായ്‌ലൻഡിലെയും സ്ഥിതിഗതികളിൽ ആശങ്കയുണ്ടെന്നും ഇന്ത്യയുടെ സഹായം വാഗ്ദാനം ചെയ്തതായും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.