ഒട്ടാവ: കാനഡയും അമേരിക്കയും തമ്മിലുള്ള ആഴത്തിലുള്ള സാമ്പത്തിക, സുരക്ഷാ, സൈനിക ബന്ധങ്ങളുടെ യുഗം ‘അവസാനിച്ചു’ എന്ന് കാനഡ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി. അമേരിക്കയിലേക്കുള്ള വാഹന, പാര്‍ട്‌സ് ഇറക്കുമതികള്‍ക്ക് 25 ശതമാനം തീരുവ അടുത്ത ആഴ്ചമുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്നലെ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് കാര്‍ണിയുടെ പ്രതികരണം.
അടുത്ത ആഴ്ച പ്രാബല്യത്തില്‍ വരുന്നതും യുഎസ് തീരുവ ഏകദേശം 500,000 തൊഴിലവസരങ്ങളെ പിന്തുണയ്ക്കുന്ന കനേഡിയന്‍ വാഹന വ്യവസായത്തിന് വലിയ തിരിച്ചടിയാകും. ട്രംപിന്റെ വാഹന താരുവയെ ‘ന്യായീകരിക്കാനാവാത്തത്’ എന്ന് വിളിക്കുകയും അവ രാജ്യങ്ങള്‍ തമ്മിലുള്ള നിലവിലുള്ള വ്യാപാര കരാറുകളുടെ ലംഘനമാണെന്നും കാര്‍ണി ചൂണ്ടിക്കാട്ടി.
നേരത്തെ, യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന വാഹനങ്ങള്‍ക്കും വാഹന പാര്‍ട്ട്‌സുകള്‍ക്കും ഡോണള്‍ഡ് ട്രംപ് 25 ശതമാനം തീരുവ ഏര്‍പ്പെടുത്തിയതായി പ്രഖ്യാപിച്ചിരുന്നു. ഈ തീരുവ എപ്പോഴുമുണ്ടായിരിക്കുമെന്നും ചര്‍ച്ചചെയ്ത് കുറയ്ക്കാന്‍ താത്പര്യമില്ലെന്നും ട്രംപ് പറഞ്ഞിരുന്നു. ഇതിനോട് ഉടന്‍ തന്നെ പ്രതികരിച്ച കനേഡിയന്‍ പ്രധാനമന്ത്രി ‘ഇത് കാനഡയ്‌ക്കെതിരായ വളരെ നേരിട്ടുള്ള ആക്രമണമാണ്’ എന്നാണ് പറഞ്ഞത്. ‘ഞങ്ങള്‍ ഞങ്ങളുടെ തൊഴിലാളികളെ സംരക്ഷിക്കും, ഞങ്ങളുടെ കമ്പനികളെ സംരക്ഷിക്കും, ഞങ്ങളുടെ രാജ്യത്തെയും ഞങ്ങള്‍ പ്രതിരോധിക്കും.’ എന്നും കാര്‍ണി പറഞ്ഞു.