ന്യൂഡല്‍ഹി: ഭൂകമ്പം തകര്‍ത്ത മ്യാന്‍മറിലേക്ക് ഏകദേശം 15 ടണ്‍ ദുരിതാശ്വാസ വസ്തുക്കള്‍ അയച്ച് ഇന്ത്യ. ഹിന്‍ഡണ്‍ വ്യോമസേനാ സ്റ്റേഷനില്‍ നിന്നുള്ള ഐഎഎഫ് സി 130 ജെ വിമാനത്തിലാണ് ദുരിതാശ്വാസ വസ്തുക്കള്‍ മ്യാന്‍മറിലേക്ക് അയയ്ക്കുന്നത്. ടെന്റുകള്‍, സ്ലീപ്പിംഗ് ബാഗുകള്‍, പുതപ്പുകള്‍, റെഡി-ടു-ഈറ്റ് ഭക്ഷണം, വാട്ടര്‍ പ്യൂരിഫയറുകള്‍, ശുചിത്വ കിറ്റുകള്‍, സോളാര്‍ ലാമ്പുകള്‍, ജനറേറ്റര്‍ സെറ്റുകള്‍, പാരസെറ്റമോള്‍, ആന്റിബയോട്ടിക്കുകള്‍, കാനുല, സിറിഞ്ചുകള്‍, കയ്യുറകള്‍, കോട്ടണ്‍ ബാന്‍ഡേജുകള്‍, യൂറിന്‍ ബാഗുകള്‍ എന്നിവയുള്‍പ്പെടെയുള്ള അവശ്യ സാധനങ്ങള്‍ ദുരിതാശ്വാസ വസ്തുക്കളില്‍ ഉള്‍പ്പെടുന്നു. മ്യാന്‍മറിലെ ജനങ്ങള്‍ക്ക് അടിയന്തര മാനുഷിക സഹായത്തിന്റെ ആദ്യ ഘട്ടമായാണ് ഇന്ത്യ ഇത്രയും സഹായവസ്തുക്കള്‍ അയച്ചത്.
വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തെത്തുടര്‍ന്ന് 6.8 തീവ്രത രേഖപ്പെടുത്തിയ തുടര്‍ചലനം കൂടി എത്തിയതോടെ, വലിയ നാശനഷ്ടങ്ങളാണ് മ്യാന്‍മറിനെ ദുരിതത്തിലാഴ്ത്തിയത്. ലഭ്യമാകുന്ന വിവരം അനുസരിച്ച് 150 ലധികം പേര്‍ കൊല്ലപ്പെടുകയും 700ലേറെപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. കൊല്‍ക്കത്ത, ഇംഫാല്‍ എന്നിവയുള്‍പ്പെടെ നിരവധി ഇന്ത്യന്‍ നഗരങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടു.
മ്യാന്‍മറിലും അയല്‍രാജ്യമായ തായ്ലന്‍ഡിലും ഉണ്ടായ ഭൂകമ്പത്തെത്തുടര്‍ന്ന് വെള്ളിയാഴ്ച ഇന്ത്യ എല്ലാ സഹായവും നല്‍കാന്‍ തയ്യാറാണെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞിരുന്നു. ദുരന്തത്തില്‍ ആശങ്ക പ്രകടിപ്പിക്കുകയും എല്ലാവരുടെയും സുരക്ഷയ്ക്കും ക്ഷേമത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നതായും മോദി എക്‌സില്‍ കുറിച്ചിരുന്നു.