മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന് നേരെ വധശ്രമമോ? അദ്ദേഹത്തിന്റെ വാഹനത്തിന് തീപ്പിടിച്ചതാണ് പുതിയ അഭ്യൂഹങ്ങള്‍ക്ക് കാരണം.മോസ്‌കോയിലെ എഫ്എസ്ബി ഹെഡ്ക്വാര്‍ട്ടേഴ്‌സിന് സമീപം വെള്ളിയാഴ്ചയാണ് അപകടമുണ്ടായത്. പുടിന്റെ ഔറസ് സെനറ്റ് ലിമോസിന്‍ എന്ന വാഹനം പൊട്ടിത്തെറിക്കുകയും പിന്നാലെ തീപ്പിടിക്കുകയുമായിരുന്നുവെന്നാണ് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കാര്‍ കത്തുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
അതേസമയം തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. ആ സമയത്ത് കാറിലാരാണ് ഉണ്ടായിരുന്നതെന്നും റിപ്പോര്‍ട്ടുകളിലില്ല. പരിക്കില്ലെന്നാണ് വിവരം. കാറിന്റെ എഞ്ചിനിൽ നിന്നാണ് തീ പടർന്നതെന്നും വളരെ പെട്ടെന്ന് തന്നെ വാഹനം മുഴുവൻ കത്തി നശിച്ചു എന്നുമാണ് പറയപ്പെടുന്നത്. തെരുവിൽ കറുത്ത പുക നിറഞ്ഞതും സമീപത്തുള്ള ബാറുകളിലെയും റെസ്റ്റോറന്റുകളിലെയും തൊഴിലാളികൾ തീയണക്കാന്‍ സഹായിക്കുന്നതും വീഡിയോയിലുണ്ട്.