ഹൈദരാബാദ്: 25കാരിയായ ജർമൻ യുവതിയെ കാറിൽ കയറ്റിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിലായി. തിങ്കളാഴ്ച രാത്രി ഹൈദരാബാദ് നഗരത്തിൽ വെച്ചായിരുന്നു സംഭവം. നഗരത്തിലെ പ്രധാന സ്ഥലങ്ങൾ കാണിക്കാമെന്ന് പറഞ്ഞാണ് വിദേശ യുവതിയെയും ഒപ്പമുണ്ടായിരുന്ന ആൺ സുഹൃത്തിനെയും ഇയാൾ കാറിൽ കയറ്റി കൊണ്ടുപോയത്. പിന്നീട് സുഹൃത്തിനെ വഴിയിൽ ഇറക്കിയ ശേഷം യുവതിയെ ഒറ്റപ്പെട്ട ഒരു സ്ഥലത്ത് എത്തിച്ച് കാറിനുള്ളിൽ വെച്ച് പീഡിപ്പിക്കുകയായിരുന്നു.
സംഭവത്തിൽ പരാതി ലഭിച്ച് 12 മണിക്കൂറിനകം യുവാവ് പിടിയിലായി. ഇതിന് സഹായകമായതാവട്ടെ യുവതിക്കൊപ്പം ഇയാൾ എടുത്ത സെൽഫിയും മറ്റ് ഫോട്ടോകളും. ഇന്ത്യക്കാരനായ ഒരു സുഹൃത്തിന്റെ ക്ഷണം സ്വീകരിച്ചാണ് മാർച്ച് ആദ്യവാരം രണ്ട് ജർമൻ സ്വദേശികൾ ഹൈദരാബാദിൽ എത്തിയതെന്ന് പൊലീസ് പറയുന്നു. തുടർന്ന് മീർപെട്ടിലുള്ള സുഹൃത്തിന്റെ വീട്ടിൽ കഴിഞ്ഞുവരികയായിരുന്നു. പല ഇന്ത്യൻ നഗരങ്ങളും ഇവർ സന്ദർശിക്കുകയും ചെയ്തു.
ഏപ്രിൽ മൂന്നാം തീയ്യതി ജർമനിയിലേക്ക് മടങ്ങാനിരുന്ന ഇവർ തിങ്കളാഴ്ച വൈകുന്നേരം ഹൈദരാബാദിലെ ഒരു പ്രാദേശിക പച്ചക്കറി മാർക്കറ്റ് സന്ദർശിക്കാൻ ഇറങ്ങി. ഈ സമയത്താണ് പ്രദേശവാസിയായ ഒരു യുവാവും പ്രായപൂർത്തിയാവാത്ത അഞ്ച് കുട്ടികളും ചേർന്ന് ഒരു സ്വിഫ്റ്റ് ഡിസയർ കാറുമായി ഇവരെ സമീപിച്ചത്. കുറച്ച് നേരം സംസാരിച്ച ശേഷം നഗരം ചുറ്റിക്കാണിക്കാമെന്ന് വാഗ്ദാനം ചെയ്തു. ഒരു ഏജൻസിയിൽ നിന്ന് വാടകയ്ക്ക് എടുത്തതായിരുന്നു ഈ കാറെന്ന് പിന്നീട് പൊലീസ് കണ്ടെത്തി.