ആലപ്പുഴ: കായംകുളത്തെ ഐഎന്‍ടിയുസി നേതാവ് സത്യൻ കൊലപാതകം സിപിഎം പാര്‍ട്ടി ആലോചിച്ച് നടത്തിയതെന്ന് സിപിഎം നേതാവിന്റെ വെളിപ്പെടുത്തൽ. ജില്ലാ പഞ്ചായത്ത് അംഗത്വം രാജിവെക്കുന്നതായി കാട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് അയച്ച കത്തിലാണ് മുന്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റും ഈ കേസിലെ പ്രതിയുമായ ബിപിൻ സി ബാബുവിന്റെ വെളിപ്പെടുത്തൽ. പ്രതി തന്നെ സത്യം വെളിപ്പെടുത്തിയ സാഹചര്യത്തില്‍ കേസ് പുനരന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്തെത്തി.
2001 ലാണ് മുൻ ആര്‍എസ്എസ് പ്രവർത്തകനും ഐഎന്‍ടിയുസി നേതാവുമായ സത്യൻ കായംകുളം കരിയിലക്കുളങ്ങരയിൽ വെച്ച് ക്രൂരമായി കൊല ചെയ്യപ്പെട്ടത്. കേസിലെ 7 പ്രതികളെയും തെളിവില്ലെന്ന് കണ്ട് 2006ൽ കോടതി വെറുതെ വിട്ടിരുന്നു. എന്നാൽ സിപിഎം ആലോചിച്ച് നടത്തിയ കൊലപാതകമാണിതെന്നാണ് ബിപിൻ സി ബാബുവിന്റെ വെളിപ്പെടുത്തല്‍.
മുന്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റും സിപിഎം കായംകുളം മുന്‍ ഏരിയാ സെന്റര്‍ അംഗവുമാണ് ബിപിന്‍ സി ബാബു. സത്യന്‍ കൊലക്കേസിലെ ആറാം പ്രതിയാണ് ഇയാള്‍. അവിഹിത ബന്ധം ചോദ്യം ചെയ്ത ഭാര്യയെ നടുറോഡില്‍ മർദിച്ച സംഭവത്തില്‍ കഴിഞ്ഞ വര്‍ഷം സിപിഎം പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍റ് ചെയ്തിരുന്നു.
അടുത്ത കാലത്ത് ബിപിൻ സി ബാബുവിനെ പാര്‍ട്ടിയിലേക്ക് തിരിച്ചെടുത്തെങ്കിലും ബ്രാഞ്ച് കമ്മിറ്റിയിലാണ് ഉള്‍പ്പെടുത്തിയത്. ഇതില്‍ പ്രതിഷേധിച്ച് ജില്ലാ പഞ്ചായത്ത് അംഗം എന്ന പദവി രാജിവെക്കുന്നതായി കാട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് അയച്ച കത്തിലാണ് സത്യന്റെ കൊലയ്ക്ക് പിന്നില്‍ സിപിഎമ്മാണെന്ന് ആരോപിക്കുന്നത്.
കൊലനടക്കുമ്പോള്‍ 19 വയസ്സമാത്രം പ്രായമുള്ള നിരപരാധിയായ തന്നെ പ്രതി ചേര്‍ത്ത് രണ്ട് മാസം ജയിലിലിട്ടുവെന്നും കത്തില്‍ പറയുന്നു. ‘‘ഞാൻ എസ്എഫ്ഐ ജില്ലാ പ്രസിഡന്റായും സെക്രട്ടറിയായും ഡിവൈഎഫ്ഐ സംസ്ഥാന സമിതി അംഗമായും മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായും പാർട്ടി ഏരിയ കമ്മിറ്റി അംഗമായി 14 വർഷമായി പ്രവർത്തിച്ചു വരികയാണ്. വിദ്യാർത്ഥി യുവജന രംഗത്തു പ്രവർത്തിക്കുമ്പോൾ 36 കേസുകളിൽ പ്രതിയായിരുന്നു. പാർട്ടി ആലോചിച്ചു നടത്തിയ ആർഎസ്എസ് പ്രവർത്തകനായിരുന്ന സത്യൻ കൊലപാതകക്കേസിൽ നിരപരാധിയായിരുന്ന എന്നെ പ്രതിയാക്കിയതിനെ തുടർന്ന് 19ാം വയസിൽ ഞാൻ 65 ദിവസം ജയിൽവാസം അനുഭവിച്ചിട്ടുണ്ട്’’- കത്തിൽ പറയുന്നു.
‘‘എന്റെ കുടുംബജീവിത്തിന്റെ ഭാഗമായുണ്ടായ ചെറിയ തെറ്റിന് എന്നെ പരമാവധി അപമാനിച്ചു കഴിഞ്ഞു. എന്റെ സസ്പെൻഷൻ കാലാവധി കഴിഞ്ഞ് പാർട്ടിയിലേക്കു തിരികെ എടുക്കുന്ന ഘട്ടത്തിൽ സഖാവ് കെ.എച്ച്. ബാബുജാൻ പഴയ ആരോപണങ്ങൾ വീണ്ടും ഉയർത്തിക്കൊണ്ടു മുന്നോട്ടു വരികയാണ്. മാത്രമല്ല ഞാൻ ബിജെപിയിലേക്കു പോകുന്നുവെന്ന കള്ളം സഖാക്കളുടെ ഇടയിൽ പ്രചരിപ്പിക്കുകയാണ്. എന്നെ ഒരു കാരണവശാലും പാർട്ടിയിൽ പ്രവർത്തിക്കാൻ അനുവദിക്കില്ല എന്ന ബാബുജാന്റെ തീരുമാനത്തിന്റെ ഭാഗമായിട്ടാണ് എന്നെ പാർട്ടി ബ്രാഞ്ചിലേക്ക് തരംതാഴ്ത്തിയിട്ടുള്ളത് എന്ന് വ്യക്തമാണ്.’’
‘‘എനിക്ക് പാർട്ടിയിൽ പ്രവർത്തിക്കാൻ അങ്ങേയറ്റം ആഗ്രഹമുണ്ട്. എന്നാൽ അതിനു വിഘാതമായ നടപടിയാണ് ഇവിടെ ഉണ്ടായത്. ഈ സാഹചര്യത്തിൽ എന്റെ പൊതുപ്രവർത്തനം അവസാനിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുകയാണ്. അതോടൊപ്പം ജില്ലാ പഞ്ചായത്ത് അംഗത്വവും ഒഴിയാൻ ഞാൻ ആഗ്രഹിക്കുന്നു. ജീവിതം മുഴുവൻ പാർട്ടിയിൽ പ്രവർത്തിക്കണമെന്ന ആഗ്രഹവുമായി നിൽക്കുന്ന എന്നേപ്പോലുള്ളവരെ വ്യക്തിവൈരാഗ്യം തീർക്കാൻ പാർട്ടിക്കു നേതൃത്വം കൊടുക്കുന്നവർ ശ്രമിക്കുന്നതിനെപ്പറ്റി പിന്നീട് പാർട്ടി പരിശോധിക്കുന്ന ഘട്ടത്തിൽ ബോധ്യപ്പെടും.’’- കത്തിൽ പറയുന്നു.
സിപിഎം നേതാവ് തന്നെ പാർട്ടി നടത്തിയ കൊലപാതകം എന്ന് വെളിപ്പെടുത്തിയതോടെ കേസിൽ പുനരന്വേഷണം നടത്തണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം.